ഗംഭീര വിജയം നേടിയ ‘പുതിയമുഖം’ എന്ന സിനിമയുടെ ടീം ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. നിര്‍മാതാവിന് വന്‍ കളക്ഷന്‍ നേടിക്കൊടുത്തതിനൊപ്പം, പൃഥ്വിക്ക് ആക്ഷന്‍ ഹീറോയുടെ പരിവേഷം കൂടി സമ്മാനിക്കുകയുണ്ടായി ഈ സിനിമ. പുതിയമുഖത്തിന്റെ വിജയം ആവര്‍ത്തിക്കാനായി സംവിധായകന്‍ ദീപനും പൃഥ്വിരാജും ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.
സിന്ധുരാജായിരുന്നു പുതിയമുഖത്തിന്റെ തിരക്കഥാകൃത്തെങ്കില്‍ ഈ സിനിമയുടെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതായിരിക്കും. സെവന്‍ ആര്‍ട്ട്‌സാണ് സിനിമ നിര്‍മിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ താരങ്ങളെ ഇനിയും നിശ്ചയിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പൃഥ്വിരാജിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മമ്മൂട്ടിയോടൊപ്പം പോക്കിരിരാജ, ജോഷിയുടെ റോബിന്‍ഹുഡ്, ഷാജി കൈലാസിന്റെ രഘുപതി രാഘവ രാജാറാം, രാജീവ് നായരുടെ പുണ്യം അഹം, മണിരത്നത്തിന്റെ രാവണന്‍, ക്ലാസ്‌മേറ്റ്സിന്റെ തമിഴ് റീമേക്കായ നിനൈത്താലേ ഇനിക്കും, തെലുഗു സിനിമയായ പൊലീസ് പൊലീസ്, ഭരത് ബാലയുടെ ദ നയന്‍റ്റീന്‍ത്ത് സ്റ്റെപ്പ് തുടങ്ങി ഇരുപത്തിരണ്ടോളം സിനിമകള്‍.
സിനിമയില്‍ വന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ അമ്പതിലധികം സിനിമകളാണ് ഈ യുവതാരം അഭിനയിച്ച് തീര്‍ത്തിരിക്കുന്നത്. കന്നഡയൊഴികെ മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ച് കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയില്‍ പൃഥ്വിരാജൊരു പ്രതിഭാസമായി മാറുകയാണ്. ഈ നടന് 2010 വരെ കാള്‍ഷീറ്റില്ല.
ഇതിനിടെ പൃഥ്വിരാജ് പ്രതിഫലവും ഉയര്‍ത്തിയിരിക്കുന്നു. പുതുമുഖ സംവിധായകന്‍ ദീപന്റെ ‘പുതിയ മുഖം’ എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ പ്രതിഫലം 25 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. എന്നിട്ടും ഈ നടന്റെ ഡേറ്റ് കിട്ടാന്‍ സംവിധായകര്‍ നെട്ടോട്ടമോടുകയാണ്.
തമിഴിലും പൃഥ്വിരാജിന് വന്‍ മാര്‍ക്കറ്റാണുള്ളത്. ക്ലാസ്‌മേറ്റ്സിന്റെ തമിഴ് റിമേക്കായ, പൃഥിരാജ് നായകനായി അഭിനയിക്കുന്ന ‘നിനൈത്താലേ ഇനിക്കും’ എന്ന സിനിമയുടെ വിതരണാവകാശം സണ്‍ പിക്ചേഴ്സ് വാങ്ങിയിരിക്കുകയാണ്. സിനിമയുടെ റഷസ് കണ്ട സണ്‍ ഗ്രൂപ്പ് മേധാവികള്‍ അതിശയിച്ചുപോയെന്ന് കോടമ്പാക്കം വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.