ശാലിനിയുടെ അനുജത്തി ശ്യാമിലി ആദ്യമായി നായികയായ “ഓയ്” എന്ന സിനിമയ്ക്ക് മികച്ച തുടക്കം. ‘ബോയ്സ് ഫെയിം’ സിദ്ധാര്‍ത്ഥാണ് ശ്യാമിലിയുടെ നായകന്‍. മണിരത്നത്തിന്റെ അസിസ്റ്റന്റ് ആനന്ദ് രംഗ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് തരക്കേടില്ലാത്ത സിനിമയെന്ന അഭിപ്രായം നേടാനായിട്ടുണ്ട്.
മാരകരോഗത്തിന് അടിമപ്പെട്ട് മരണം കാക്കുന്ന ‘സന്ധ്യ’ എന്ന കഥാപാത്രത്തെയാണ് ശ്യാമിലി അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥാവട്ടെ അടിപൊളി യുവാവായ ‘ഉദയ്’ ആയിട്ടും. കഥയുടെ അവസാനം, താന്‍ എത്രമാത്രം ഉദയിനെ പ്രണയിച്ചിരുന്നു എന്നറിയാന്‍ തന്റെ ഡയറി ഉദയിനെ ഏല്‍പ്പിക്കുന്ന സന്ധ്യയെ ഗംഭീരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, നാഗാര്‍ജുനന്‍ - ഗിരിജ എന്നിവര്‍ അഭിനയിച്ച് ഹിറ്റായ ‘ഗീതാഞ്ജലി’ എന്ന സിനിമയെയും മോഹന്‍ലാല്‍ - നദിയാ മൊയ്തു ടീമിന്റെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയെയും ‘ഓയ്’ ഓര്‍മിപ്പിക്കുന്നു. മാരകരോഗത്തിനടിമപ്പെട്ട് മരണം കാക്കുന്ന നായികയെ ഒരുപാട് സിനിമകളില്‍ കണ്ടുമടുത്തിട്ടുണ്ട് എന്നതാണ്` സിനിമയുടെ ഏക ‘ഡ്രോ ബാക്ക്’. ശ്യാമിലി അല്‍പം കൂടി തടികുറച്ചാല്‍ നന്നായിരിക്കുമെന്നും തെലുങ്ക് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നല്ല ബാനറില്‍ കഴിവുറ്റ സംവിധായകന്റെ കീഴിലായിരിക്കണം തന്റെ ആദ്യ നായികാ വേഷമെന്നായിരുന്നു ശ്യാമിലിയുടെ സ്വപ്നം. അത് പൂവണിയുകയും ചെയ്തു. ‘സ്വപ്നതുല്യമായ’ പ്രതിഫലമാണ് ശ്യാമിലിക്ക് ലഭിച്ചിരിക്കുന്നത് എന്നറിയുന്നു. എന്തായാലും മികച്ച തുടക്കമാണ് മലയാളിയായ ശ്യാമിലിക്ക് ആന്ധ്രാപ്രദേശില്‍ ലഭിച്ചിരിക്കുന്നത്.
സത്യത്തില്‍ ‘ഓയ്’ അല്ല ശ്യാമിലി മുതിര്‍ന്നതിന് ശേഷം അഭിനയിക്കുന്ന ആദ്യ സിനിമ. മമ്മൂട്ടിയും അജിതും നായകന്മാരായി അഭിനയിച്ച, രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് സിനിമയില്‍ ശ്യാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്‍റെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്‍റെ സഹോദരിയായും വേഷമിട്ടു.
മലയാളത്തിലും ശ്യാമിലി അഭിനയിച്ചേക്കും എന്നറിയുന്നു. പത്മകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ശിക്കാരി’ എന്ന സിനിമയില്‍ ലാലിന്റെ മകളായാണ് ശ്യാമിലി അഭിനയിക്കുക എന്നറിയുന്നു.