ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശ്യാമിലി നായികയാവുന്നു. സിദ്ധാര്‍ത്ഥ് നായകനായി അഭിനയിക്കുന്ന ‘ഓയ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലി നായികയായി വെള്ളിത്തിരയില്‍ എത്തുക. പ്രസിദ്ധ നടിയും തമിഴ് നടന്‍ അജിത്തിന്റെ ഭാര്യയുമായ ശാലിനിയുടെ സഹോദരിയാണ് ശ്യാമിലി. വെള്ളിയാഴ്ച ‘ഓയ്’ റിലീസാവും.
ആനന്ദ് രംഗയെന്ന പുതുമുഖ സംവിധായകനാണ് ‘ഓയ്’ എന്ന സിനിമയ്ക്ക് പിന്നില്‍. മണിരത്നത്തിന്‍റെ സംവിധാന സഹായിയായിരുന്നു ആനന്ദ് രംഗ. ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘ഓയ്’ ഗംഭീരവിജയം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുവശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഇതിലെ പാട്ടുകള്‍ സിനിമ റിലീസാവുന്നതിന് മുമ്പുതന്നെ ആന്ധ്രയില്‍ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
ശാലിനിയെ പോലെ തന്നെ, ശ്യാമിലിയെ തേടിയും ഒട്ടേറെ നായികാ വേഷങ്ങള്‍ വന്നിരുന്നുവെങ്കിലും പഠനം മുടങ്ങും എന്നതിനാല്‍ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു. നല്ല ബാനറില്‍ കഴിവുറ്റ സംവിധായകന്റെ കീഴിലായിരിക്കണം തന്റെ ആദ്യ നായികാ വേഷമെന്ന് ശ്യാമിലി ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ‘ഓയ്’ എന്ന സിനിമയിലെ വേഷത്തിന് ‘സ്വപ്നതുല്യമായ’ പ്രതിഫലമാണ് ശ്യാമിലിക്ക് നിര്‍മാതാവ് ദാനയ്യ നല്‍കിയിരിക്കുന്നത് എന്നറിയുന്നു. ബാലകൃഷ്ണ, രവിതേജ, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളാണ് ദാനയ്യ ഇതിനു മുമ്പ് നിര്‍മ്മിച്ചിട്ടുള്ളത്.
സത്യത്തില്‍ ‘ഓയ്’ അല്ല ശ്യാമിലി മുതിര്‍ന്നതിന് ശേഷം അഭിനയിക്കുന്ന ആദ്യ സിനിമ. മമ്മൂട്ടിയും അജിതും നായകന്മാരായി അഭിനയിച്ച, രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് സിനിമയില്‍ ശ്യാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്‍റെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്‍റെ സഹോദരിയായും വേഷമിട്ടു. ഒട്ടേറെ തെന്നിന്ത്യന്‍ ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്നത്തിന്റെ ‘അഞ്ജലി’ എന്ന സിനിമയിലെ ബുദ്ധിമാന്ദ്യമുള്ള കഥാപാത്രമാണ് ശ്യാമിലിയുടെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വേഷം.