2009 ആദ്യ ആറുമാസം പിന്നിടുമ്പോള്‍ തമിഴ് സിനിമാലോകം നഷ്ടങ്ങളുടെ കണക്കു പറയുകയാണ്. 75 കോടിയോളം രൂപയാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കോളിവുഡിന് നഷ്ടം വന്നത്. ഹിറ്റ് ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നതിലൊതുങ്ങിയപ്പോള്‍ വമ്പന്‍ പരാജയങ്ങളുടെ പട്ടിക നീളുന്നു.
PRO
PRO
കെ വി ആനന്ദ് സംവിധാനം ചെയ്ത് സൂര്യ നായകനായ ‘അയന്‍’ ഈ ആറുമാസത്തെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറി. ഒരു മികച്ച ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ എന്നതിലുപരി കുടുംബപ്രേക്ഷകരെയും ആകര്‍ഷിച്ചതാണ് അയനിന്‍റെ വിജയരഹസ്യം. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഹിറ്റ് താരം താന്‍ തന്നെയാണെന്ന് സൂര്യ തെളിയിച്ചു. 40 - 45 കോടി രൂപ ഈ സിനിമ ഗ്രോസ് നേടുമെന്നാണ് കരുതപ്പെടുന്നത്.
ഈ ആറുമാസത്തിനുള്ളില്‍ സൂപ്പര്‍ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ധനുഷ് നായകനായ ‘പഠിക്കാതവന്‍’ ആണ്. സുരാജ് സംവിധാനം ചെയ്ത ഈ ആക്ഷന്‍ കോമഡി സണ്‍ പിക്ചേഴ്സിന്‍റെ മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൊണ്ടാണ് വന്‍ വിജയം പിടിച്ചടക്കിയത്.
യാവരും നലം, വെണ്ണിലാ കബഡിക്കുഴു, ശിവാ മനസുലേ ശക്തി, പശങ്ക, മാസിലാമണി എന്നിവയാണ് മറ്റു ഹിറ്റുകള്‍. മായാണ്ടി കുടുംബത്താര്‍ എന്ന സിനിമ ശരാശരി വിജയം നേടി. 51 സിനിമകളാണ് ജൂണ്‍ അവസാനം വരെ തമിഴകത്ത് റിലീസായത്. ഏകദേശം 275 കോടി രൂപയാണ് ഇന്‍ഡസ്ട്രിയില്‍ ഈ കാലയളവിലെ മുതല്‍ മുടക്ക്. ഇതില്‍ ഏകദേശം 200 കോടി രൂപ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു.
ഹിറ്റുകളുടെ കണക്കെടുത്താല്‍ ഏറ്റവും ആശ്വാസകരമായ കാര്യം ചെറിയ ചിത്രങ്ങളുടെ മികച്ച വിജയമാണ്. മൂന്നു മുതല്‍ അഞ്ച് കോടി രൂപ വരെ മുതല്‍ മുടക്കിയ സിനിമകള്‍ നേടിയ വമ്പന്‍ വിജയം കോളിവുഡിന് ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷകള്‍ സമ്മാനിക്കുന്നു.