പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മലയാള സിനിമയ്ക്ക് വീണ്ടുമൊരു സമരകാലം കൂടി. തൊഴില്‍ നിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ ജൂലൈ ഒന്നുമുതല്‍ വീണ്ടും ചിത്രീകരണം തടസ്സപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് മാക്ടയില്‍ നിന്ന് പുറത്താക്കപ്പെട്ട സംവിധായകന്‍ വിനയനാണ് സമരകാഹളം മുഴക്കിയിരിക്കുന്നത്‍. സംഘര്‍ഷങ്ങളുടെ നാളുകളാണ് മലയാള സിനിമയെ കാത്തിരിക്കുന്നതെന്നാണ് വിനയന്‍റെ പ്രസ്താവന കാണിക്കുന്നത്.
മലയാള സിനിമയുടെ ഏറ്റവും വലിയ ചാകരക്കാലമായ ഓണ ചിത്രങ്ങളുടേതടക്കമുള്ള ചിത്രങ്ങളുടെ ചിത്രീകരണം തടസ്സപ്പെടുത്തുമെന്നാണ് വിനയന്‍റെ ഭീഷണി. മാക്ടയിലെ വിമതപക്ഷ നേതാക്കളായ വിനയന്‍, ബൈജു കൊട്ടാരക്കര, ഗിരീഷ് വെണ്ണല, എം മോഹന്‍ എന്നിവരെ ഇന്ന് ചേര്‍ന്ന മാക്‌ട ജനറല്‍ ബോഡി യോഗം പുറത്താക്കിയിരുന്നു. സംവിധായകന്‍ ബാലു കിരിയത്ത് ക്ഷമ ചോദിച്ചതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നില്ല.
എന്നാല്‍ മാക്ട ഒരു സാങ്കല്‍പ്പിക സംഘടനയാണെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി വിനയനടക്കമുള്ള വിമതപക്ഷം രംഗത്തു വന്നതോടെ പ്രശ്നം വീണ്ടും തെരുവിലെത്തുമെന്ന് ഉറപ്പായി.
നടന്‍മാരായ മമ്മൂട്ടിയുടെയും ദിലീപിന്റെയും നേതൃത്വത്തില്‍ തൊഴില്‍ നിഷേധവും ഗൂഢാലോചനയും നടക്കുന്നുവെന്ന് ആരോപിച്ച് മാക്ട ഫെഡറേഷന്റെ നേതൃത്വത്തില്‍ മുന്‍പ് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം പലയിടത്തും അക്രമാസക്തമായിരുന്നു.