പ്രശസ്ത നടന്‍ കമലാഹാസന്റെ നേതൃത്വത്തില്‍ അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് തിരക്കഥാ രചനാ പരിശീലനക്കളരി സംഘടിപ്പിക്കപ്പെടുമെന്ന് അറിയുന്നു. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ഐഐടിയും രാജ്‌കമല്‍ ഇന്റര്‍നാഷണലും സഹകരിച്ച് ചെന്നൈയില്‍ നടത്തിയ തിരക്കഥാ രചനാ പരിശീലനക്കളരിക്ക് സമാനമായ ഒന്നായിരിക്കും തിരുവനന്തപുരത്തും നടക്കുക.
പുതിയ തലമുറയില്‍ നിന്ന് കഴിവുറ്റ തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും ഉണ്ടാക്കിയെടുക്കുകയാണ് പരിശീലനക്കളരിയുടെ ലക്‌ഷ്യം. ചെന്നൈയില്‍ നടത്തിയ പോലെ അഞ്ച് ദിവസങ്ങളായിട്ടാണ് ഇത് അരങ്ങേറുക. ഇരുന്നൂറ്റിയമ്പതോളം പേരെ പരിശീലനക്കളരിയില്‍ പങ്കെടുപ്പിക്കും. കഴിവിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുക.
കമലാഹാസനടക്കം പ്രശസ്ത തിരക്കഥാകൃത്തുക്കളും സംവിധായകരും പരിശീലനക്കളരിക്ക് ചുക്കാന്‍ പിടിക്കും. പങ്കെടുക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന തിരക്കഥാകൃത്തുക്കളുടെ രചനകള്‍ സിനിമയാക്കാനും കമലിന് പദ്ധതിയുണ്ട്. ചെന്നൈയിലെ പരിശീലനക്കളരിയുടെ അനുബന്ധമായി 30 ഡോക്യുമെന്ററികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കമല്‍ ഇപ്പോള്‍. കമലടക്കം, പ്രശസ്ത സംവിധായകരാണ് ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്യുക.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വച്ച് തിരക്കഥാ രചനാ പരിശീലനക്കളരി നടത്തുമെന്ന് കമല്‍ സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് എവിടെ വച്ചാണ് കളരി നടക്കുന്നതെന്ന് അറിവായിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവാകുമെന്ന് കമലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്തായാലും മലയാള സിനിമയ്ക്ക് ഊര്‍ജം പകരാന്‍ ഈ ശില്‍പശാലയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷ.