യുഗപുരുഷനില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍മാറി. സ്വാമി വിവേകാനന്ദനായി അഭിനയിക്കാന്‍ മോഹന്‍ലാലിനെയാണ് നിശ്ചയിച്ചിരുന്നത്. ലാല്‍ അതിന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംവിധായകന്‍ ആര്‍ സുകുമാരനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ അധികരിച്ചെടുക്കുന്ന ചിത്രമാണ് യുഗപുരുഷന്‍. തമിഴ് താരം തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തെ ഡേറ്റ് മാത്രമാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അലക്‍സാണ്ടര്‍ ദി ഗ്രേറ്റിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന മോഹന്‍ലാന്‍ തന്‍റെ ബുദ്ധിമുട്ട് സംവിധായകനെ അറിയിക്കുകയായിരുന്നു.
സ്വാമി വിവേകാനന്ദനായി അഭിനയിക്കണമെങ്കില്‍ മോഹന്‍ലാല്‍ മീശയെടുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ അത് അലക്സാണ്ടര്‍ ദി ഗ്രേറ്റിന്‍റെ കണ്ടിന്യൂവിറ്റിയെ ബാധിക്കും. രണ്ടു ദിവസത്തെ ചിത്രീകരണത്തിനു വേണ്ടി മീശയെടുത്താല്‍ മറ്റു സിനിമകള്‍ കുറച്ചു ദിവസത്തേക്കെങ്കിലും ലാലിന് ഒഴിവാക്കേണ്ടി വരും. അതിനാല്‍, തന്നെ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ അനുവദിക്കണമെന്ന് ആര്‍ സുകുമാരനോട് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചു. മോഹന്‍ലാലിന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ സംവിധായകന്‍ സമ്മതം മൂളുകയും ചെയ്തു.
മോഹന്‍ലാലിന് പകരം ആ വേഷത്തില്‍ ഒരാളെ കണ്ടെത്തേണ്ടതില്ലെന്നാണ് സംവിധായകന്‍റെ തീരുമാനമെന്നറിയുന്നു. വിവേകാനന്ദന്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്തേക്കും. കഥാഗതിയെ ബാധിക്കാതെ തിരക്കഥയില്‍ സംവിധായകന്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന. എ വി എ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപാണ് യുഗപുരുഷന്‍ നിര്‍മ്മിക്കുന്നത്.