വിവാഹം കഴിഞ്ഞ് അപ്രത്യക്ഷരാകുന്ന നായിക നടിമാരുടെ കൂട്ടത്തില്‍ ഗോപിക വ്യത്യസ്തയാകുകയാണ്. വിവാഹത്തിന് ശേഷം ഏതാനും മാസങ്ങള്‍ മാത്രം സിനിമയില്‍ നിന്നു വിട്ടു നിന്ന ഗോപിക ഒരു ഉജ്ജ്വല തിരിച്ചു വരവ് നടത്തുന്നു. ദിലീപിന്‍റെ നായികയായാണ് ഗോപികയുടെ രണ്ടാം വരവ്.
പി സുകുമാര്‍ സംവിധാനം ചെയ്യുന്ന സ്വന്തം ലേഖകന്‍ എന്ന ചിത്രത്തിലാണ് ഗോപിക നായികയാകുന്നത്. ദിലീപിന്‍റെ നായികയായി മലയാളത്തില്‍ ഒരു മടങ്ങിവരവ് നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഗോപിക പറഞ്ഞു. ദിലീപ് അവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തകന്‍റെ ഭാര്യയുടെ വേഷത്തിലാണ് ഗോപിക അഭിനയിക്കുന്നത്. വളരെ ബോള്‍ഡായ ഒരു കഥാപാത്രമാണിത്.
ചാന്തുപൊട്ട്, പച്ചക്കുതിര, ഡോണ്‍ എന്നീ സിനിമകളിലാണ് ഗോപിക ദിലീപിന്‍റെ നായികയായി അഭിനയിച്ചത്. ദിലീപ് നിര്‍മ്മിച്ച ട്വന്‍റി 20യിലും ഗോപിക അഭിനയിച്ചിരുന്നു.
ക്യാമറാമാന്‍ പി സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വന്തം ലേഖകന്‍. കലവൂര്‍ രവികുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്.
ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കുന്ന 'സ്വന്തം ലേഖകന്‍’ നടന്‍ മധു വാര്യരും പി സുകുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇവരുടെ നിര്‍മ്മാണക്കമ്പനിക്ക് കളര്‍ ഫാക്ടറി എന്നാണ് പേര്.