മമ്മൂട്ടിയും സുരേഷ്ഗോപിയും പിണക്കത്തിലാണോ? ആണെന്നും അല്ലെന്നുമാണ് ഉത്തരം കിട്ടുക. മമ്മൂട്ടിച്ചിത്രങ്ങളില്‍ നിന്ന് സുരേഷ്ഗോപി മനഃപൂര്‍വം ഒഴിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പഴശ്ശിരാജയില്‍ നിന്ന് സുരേഷ്ഗോപി പിന്‍മാറിയതും മറ്റുമൊക്കെ അത്തരം വാര്‍ത്തകള്‍ക്ക് പിന്‍ബലമേകി. വടക്കന്‍ വീരഗാഥയിലും ധ്രുവത്തിലുമൊക്കെ മലയാളികള്‍ കണ്ട ആ ഒരുമിക്കലിന്‍റെ കരുത്ത് ഇനിയൊരിക്കലും കാണാനാകില്ലേ എന്ന വിഷമം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ട്വന്‍റി 20യില്‍ സുരേഷ്ഗോപി മനസില്ലാമനസോടെയാണ് അഭിനയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ മമ്മൂട്ടിയും സുരേഷ്ഗോപിയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതായാണ് പുതിയ വാര്‍ത്ത. പക്ഷേ, ഈ ഒത്തുചേരലിനും ചില പ്രത്യേകതകളുണ്ട്. ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയാണോ എന്നു ചോദിച്ചാല്‍ അതേ, അല്ലേ എന്നു ചോദിച്ചാല്‍ അല്ല. അങ്ങനെയാണ് കാര്യങ്ങള്‍.
PRO
PRO
‘കേരളാ കഫേ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുരേഷ്ഗോപിയും ഒരുമിക്കുന്നത്. പത്തു സംവിധായകരുടെ പത്ത് ഹ്രസ്വ ചിത്രങ്ങള്‍ ചേര്‍ന്ന് ഒരു ചിത്രമാക്കി മാറ്റുകയാണല്ലോ കേരളാ കഫേയില്‍ സംവിധായകന്‍ രഞ്ജിത് ചെയ്യുന്നത്. ഇതില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്ഗോപിയാണ് പ്രധാന വേഷമണിയുക.
മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിക്കുമ്പോല്‍ തന്നെ ‘ഒന്നിക്കുന്നില്ല’ എന്ന പ്രത്യേകത ഇതോടെ ഈ സിനിമയ്ക്ക് വരികയാണ്. മറ്റൊരു പ്രത്യേകത, ട്വന്‍റി 20യ്ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളൊക്കെ അഭിനയിക്കുന്ന സിനിമയായി കേരളാ കഫേ മാറും എന്നുള്ളതാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ഹ്രസ്വ ചിത്രത്തില്‍ സിദ്ദിഖ് മുഖ്യവേഷത്തിലെത്തും. മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവരും ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുമെന്ന് സൂചനയുണ്ട്.
ഷാജി കൈലാസ്, രേവതി, ശ്യാമപ്രസാദ്, അന്‍വര്‍ റഷീദ്, അഞ്ജലി മേനോന്‍, എം പത്മകുമാര്‍, ലാല്‍ ജോസ്, ബി ഉണ്ണികൃഷ്ണന്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
‘യാത്ര’ എന്ന വിഷയത്തില്‍ 10 സംവിധായകര്‍ ഒരുക്കുന്ന ഹ്രസ്വ ചിത്രങ്ങളാണ് ഒരൊറ്റചിത്രമായി പ്രദര്‍ശനത്തിനെത്തുക. ഈ സംരംഭത്തിന്‍റെ നിര്‍മ്മാണം കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് നിര്‍വഹിക്കുന്നു.