വിനയന് ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു എന്ന് സൂചന. പൃഥ്വിയും വിനയനും തമ്മില്‍ ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് അറിയുന്നു. ഒരു ഹൊറര്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാക്ട - ഫെഫ്ക തര്‍ക്കം അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് വിനയന്‍ പുതിയ മലയാള ചിത്രം ആരംഭിക്കാനൊരുങ്ങുന്നത്. ഈ സിനിമയില്‍ പൃഥ്വി അഭിനയിക്കാന്‍ തയ്യാറായാല്‍ അത് മലയാള സിനിമയില്‍ മറ്റൊരു പ്രതിസന്ധിക്ക് കാരണമായേക്കാം. വിനയനും താരങ്ങളും തമ്മില്‍ ഇപ്പോള്‍ ഒട്ടും ചേര്‍ച്ചയിലല്ല. പൃഥ്വി വിനയന് ഡേറ്റ് നല്‍കിയാല്‍ പൃഥ്വിയെ വിലക്കുന്നതുള്‍പ്പടെയുള്ള കടുത്ത തീരുമാനത്തിലേക്ക് താരസംഘടനയായ ‘അമ്മ’ നീങ്ങിയേക്കും.
മലയാളത്തില്‍ നിസഹകരണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിനയന്‍ ഒരു തമിഴ് ചിത്രം സംവിധാനം ചെയ്തത്. സനൂഷ നായികയായ ‘നാളൈ നമതൈ’ എന്ന ആ സിനിമ കനത്ത പരാജയമാണ് നേരിട്ടത്. അതോടെ തമിഴില്‍ നില്‍ക്കാന്‍ കഴിയാതായ വിനയന്‍ വീണ്ടും മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ്.
PRO
PRO
പൃഥ്വിയെ നായകനാക്കി ഒരു ഹൊറര്‍ ചിത്രം കുക്കു സുരേന്ദ്രന്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ വിനയന്‍റെ ഹൊറര്‍ ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ടെന്ന് മനസിലാക്കിയാകണം കുക്കു സുരേന്ദ്രന്‍റെ ചിത്രത്തില്‍ പൃഥ്വിക്ക് പകരം കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്ത.
ഇതിനു മുമ്പ് വിനയന്‍റെ ‘വെള്ളിനക്ഷത്രം’ എന്ന ഹൊറര്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായിരുന്നു. സിനിമാരംഗത്ത് സമരം നിലനിന്നിരുന്ന കാലത്ത് വിനയന്‍റെ സിനിമയില്‍ പൃഥ്വിരാജ് അഭിനയിച്ചത് വന്‍ വിവാദമായിരുന്നു.