സൂപ്പര്‍ താരങ്ങള്‍ക്കും കൊച്ചു താരങ്ങള്‍ക്കും നിര്‍മാണക്കമ്പനിയോ വിതരണ കമ്പനിയോ ഉള്ള കാലമാണ്. ഇന്ത്യയിലും വിദേശത്തുമായി ചില ഐടി സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്നതൊഴിച്ചാല്‍, സിനിമയുമായി ബന്ധപ്പെട്ട ഒരേയൊരു സംരംഭത്തിന് വേണ്ടി മാത്രമാണ് മമ്മൂട്ടി ഇതുവരെ ആത്മാര്‍ത്ഥമായി മിനക്കെട്ടത്. കാസിനോ എന്ന നിര്‍മാണ കമ്പനിയായിരുന്നു ആ സംരംഭം.
കാസിനോയില്‍ മമ്മൂട്ടിയുടെ പാര്‍ട്ട്‌ണര്‍മാര്‍ മോഹന്‍ലാല്‍, ഐ വി ശശി, സീമ, കൊച്ചുമോന്‍ എന്നിവരായിരുന്നു. നാടോടിക്കാറ്റ്, അടിയൊഴുക്കുകള്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് കാസിനോ ആയിരുന്നു. പിന്നീട് ഈ കമ്പനി ഇല്ലാതായി. വീണ്ടുമൊരു കമ്പനി ആരംഭിച്ചുകൂടെ എന്ന് പലരും മമ്മൂട്ടിയോടു മുമ്പ് ചോദിച്ചെങ്കിലും അഭിനയത്തിനപ്പുറം മറ്റൊരു പദ്ധതിയും ആലോചനയിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാലിപ്പോള്‍ തന്റെ കടുംപിടുത്തത്തില്‍ നിന്ന് മാറി ഒരു നിര്‍മാണക്കമ്പനി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. ‘പ്ലേ ഹൗസ്’ എന്നാണ് കമ്പനിയുടെ പേര്. സിനിമയ്ക്ക് വേണ്ടി മാത്രമായിരിക്കില്ല ‘പ്ലേ ഹൗസ്’ നിലകൊള്ളുക. നാടക സംരംഭങ്ങളും പ്ലേ ഹൌസില്‍ നിന്ന് പ്രതീക്ഷിക്കാം. കൊച്ചിയില്‍ പുല്ലേപ്പടിയിലാണ് പ്ലേ ഹൌസിന്റെ ആസ്ഥാനം.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ‘ഋതു’വെന്ന സിനിമയാണ് പ്ലേ ഹൌസിന്റെ ആദ്യ സംരംഭം. തുടര്‍ന്ന് അക്കു അക്ബറിന്റെ ജയറാം ചിത്രം കാണാക്കണ്‍മണി. പ്ലേ ഹൌസ് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും.
പ്ലേ ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സംവിധായകരായ സിദ്ധിക്കും ലാലും ചേര്‍ന്നാണ്. പ്ലേ ഹൗസില്‍ മമ്മൂട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ പങ്കാളിത്തം കൂടിയുണ്ട്.