അശുതോഷ് ഗൌരിക്കറിന്‍റെ ‘ജോധാ അക്ബര്‍‘ എന്ന പ്രണയകാവ്യത്തിന് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡില്‍ (ഐഐഎഫ്‌എ) വിജയത്തിളക്കം. മികച്ച ചിത്രം, മികച്ച സംവിധായകന്‍, നല്ല നടന്‍ എന്നീ പുരസ്കാരങ്ങളാണ് ജോധാ അക്ബറിനെ തേടിയെത്തിയത്.
ഗജിനി, എ വെനസ്ഡേ, ദോസ്താന, തുടങ്ങിയ ചിത്രങ്ങളുമായുള്ള കടുത്ത മത്സരത്തിനു ശേഷമാണ് ജോധാ അക്ബര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. ചിത്രത്തിന് പത്ത് നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ അക്ബര്‍ എന്ന മുഗള്‍ ചക്രവര്‍ത്തിക്കും ജോധാ എന്ന രജപുത്ര കുമാരിക്കും ഇടയില്‍ മൊട്ടിട്ട പ്രണയം തിരശീലയുടെ സ്പന്ദനമാക്കിയതിനാണ് അശുതോഷ് ഗൌരിക്കറിന് ബഹുമതി ലഭിച്ചത്. അതേ ചിത്രത്തിലെ തന്നെ മുഖ്യ കഥാപാത്രമായി ഹൃദയഹാരിയായ അഭിനയം കാഴ്ചവച്ചതിന് ഹൃതിക് റോഷന്‍ നല്ല നടനായി.
എന്നാല്‍, ജോധയെ അവതരിപ്പിച്ച ഐശ്വര്യ റായ് ബച്ചന് നല്ല നടിക്കുള്ള അവാര്‍ഡ് കൈയ്യെത്തും ദൂരത്ത് നഷ്ടമായി. മധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ ‘ഫാഷന്‍’ എന്ന സിനിമയിലെ നായിക പ്രിയങ്ക ചോപ്രയാണ് നല്ല നടി.
എ ആര്‍ റഹ്മാന്‍ മികച്ച സംഗീത സംവിധായകനും ജാവേദ് അക്തര്‍ മികച്ച ഗാന രചയിതാവും (ജാഷന്‍ -ഇ-ബഹാറ) ജാവേദ് അലി (ജാഷന്‍ -ഇ-ബഹാറ) മികച്ച ഗായകനുമായി.