നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഹൃതിക്ക് റോഷനൊരു മാച്ചോ ഹീറോ ആയിരിക്കാം. എന്നാല്‍ പടിഞ്ഞാറിന്റെ കണ്ണില്‍ ഹൃതിക്ക് വെറുമൊരു മാച്ചോ ഹീറോ അല്ല, സാക്ഷാല്‍ ക്രിസ്തുവിന്റെ രൂപസാദൃശ്യമുള്ള നടനാണ്! കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വച്ച് ഹൃതിക്കിന്റെ ‘കൈറ്റ്‌സ്’ എന്ന സിനിമ കണ്ടതോടെയാണ് ചില ലാറ്റിന്‍ അമേരിക്കന്‍ വിതരണക്കാര്‍ ഹൃതിക്കിനെ ക്രിസ്തുവിന്റെ റോളിന് അനുയോജ്യനായ നടനെന്ന് വിശേഷിപ്പിച്ചത്.
പാഷന്‍ ഓഫ് ദ ക്രിസ്റ്റ് എന്ന സിനിമയില്‍ യേശുക്രിസ്തുവിനെ അവതരിപ്പിച്ച ജെയിംസ് കവീസല്‍ എന്ന നടനേക്കാള്‍ ഹൃതിക്കാണ് ക്രിസ്തുവിനോട് രൂപസാദൃശ്യം എന്നാണ് കാന്‍സ് ഫെസ്റ്റിവലില്‍ ‘കൈറ്റ്‌സ്’ എന്ന സിനിമ കണ്ട പലരും പറയുന്നത്. ഹൃതിക്കിന്റെ നിറവും കണ്ണുകളിലെ തീക്ഷ്ണതയും ആകാരസൌഭഗവും തങ്ങളുടെ മനസിലുള്ള ക്രിസ്തുവിന്റേത് പോലെയാണെന്ന് ഇവര്‍ ആണയിടുന്നു.
പ്രാദേശിക സിനിമാ വിപണിയില്‍ ഹോളിവുഡ് കമ്പനികളായ വാള്‍ട്ട് ഡിസ്നിയും യൂണിവേഴ്സല്‍ സ്റ്റുഡിയോയും വാര്‍ണര്‍ ബ്രദേഴ്സുമൊക്കെ താല്‍പര്യമെടുക്കുന്ന സമയമാണിത്. പ്രാദേശിക സിനിമയും ഹോളിവുഡും തമ്മില്‍ ‘കൊള്ളല്‍ കൊടുക്കല്‍’ ഉണ്ടായെങ്കില്‍ മാത്രമേ ചെലവഴിക്കുന്ന പണം തിരിച്ചുപിടിക്കാന്‍ ആവുകയുള്ളൂവെന്നും മള്‍ട്ടീനാഷണല്‍ കമ്പനികള്‍ക്കറിയാം.
ഇപ്പോള്‍ തന്നെ അക്ഷയ്‌കുമാറടക്കം പല ബോളിവുഡ് നടീനടന്മാരും മള്‍ട്ടീനാഷണല്‍ കമ്പനികള്‍ നിര്‍മിക്കുന്ന പ്രാദേശിക സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അടുത്ത ഘട്ടം, പടിഞ്ഞാറന്‍ സിനിമകളിലേക്ക് നമ്മുടെ നടീനടന്മാര്‍ അരങ്ങേറ്റം നടത്തുന്നതായിരിക്കും
തനിക്ക് യേശുവുമായുള്ള രൂപസാദൃശ്യത്തെ ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കുകയാണ് ഹൃതിക്ക്. ക്രിസ്തുവായി അഭിനയിക്കാന്‍ ആരെങ്കിലും വിളിച്ചാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ഹൃതിക്കിന്റെ ഉത്തരമറിയാന്‍ ഹോളിവുഡും ബോളിവുഡും കാതോര്‍ക്കുകയാണ്. യേശുവിന്റെ റോള്‍ ആരെങ്കിലും ഓഫര്‍ ചെയ്യുകയാണെങ്കില്‍ കളയാന്‍ പറ്റില്ലെന്നും ആത്യന്തികമായി താനൊരു നടനല്ലേ എന്നും ഹൃതിക്ക് തിരിച്ച് ചോദിച്ചേക്കും.