‘നമ്മള്‍’ എന്ന സിനിമയില്‍ ഭാവന എന്ന നായികയെ കണ്ടപ്പോള്‍ ഒന്നോ രണ്ടോ ചിത്രം കൊണ്ട് അസ്തമിച്ചു പോയേക്കാവുന്ന ഒരാള്‍ കൂടി എന്നു ചിന്തിച്ചവരാണ് കൂടുതലും. എന്നാല്‍, ഭാവന വളര്‍ന്നു. മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെത്തി ആ അഭിനയ ചാതുര്യം. ഇപ്പോള്‍ തമിഴിലും, മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെയും നായികയായി തകര്‍ത്തുവാരുകയാണ് ഭാവന.
തമിഴില്‍ അജിത്തിന്‍റെ നായികയായി അഭിനയിക്കാന്‍ ഭാവനയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. നയന്‍താര, അനുഷ്ക, അസിന്‍ തുടങ്ങിയവരാണ് സാധാരണ അജിത്ത് - വിജയ് സിനിമകളില്‍ നായികമാരായി പരിഗണിക്കപ്പെടുക. എന്നാല്‍ ഇവരെയൊക്കെ മറികടന്നാണ് ഭാവന അള്‍ട്ടിമേറ്റ് സ്റ്റാറിന്‍റെ നായികയാകുന്നത്. ശരണ്‍ സംവിധാനം ചെയ്യുന്ന ‘അസല്‍’ എന്ന ചിത്രത്തിലാണ് ഭാവന അജിത്തിന്‍റെ നായികയായി എത്തുക.
അസലില്‍ രണ്ടു നായികമാരാണുള്ളത്. വാരണം ആയിരത്തിലൂടെ പ്രശസ്തയായ സമീര റെഡ്ഡിയാണ് ഒരു നായിക. രണ്ടാം നായികയായി പലരെയും പരിഗണിച്ചെങ്കിലും ഒടുവില്‍ ഭാവനയ്ക്ക് നറുക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മംമ്‌തയെയാണ് ആദ്യം ഈ റോളിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും രണ്ട് നായികമാരില്‍ ഒരാളാകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മംമ്ത പിന്‍മാറുകയായിരുന്നുവത്രേ.
ശിവാജി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡചിത്രത്തില്‍ നായികയാകുന്നതോടെ ഭാവന തമിഴില്‍ ചുവടുറപ്പിക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാമേശ്വരം, വെയില്‍, ദീപാവലി, ജയം കൊണ്ടാന്‍ തുടങ്ങിയവയാണ് ഭാവന നായികയായ പ്രധാന തമിഴ് ചിത്രങ്ങള്‍.