തെന്നിന്ത്യന്‍ ഭാഷകളില്‍ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിന്‍. സൂത്രധാരന്‍ എന്ന സിനിമയിലൂടെ ലോഹിതദാസ് പരിചയപ്പെടുത്തിയ മീരാ ജാസ്മിന്‍ വളരെ പെട്ടെന്നാണ് തെന്നിന്ത്യന്‍ ഭാഷകളിലെ എണ്ണം പറഞ്ഞ നടിയായി മാറിയത്. മുഖ്യധാരാ സിനിമകളിലും സമാന്തര സിനിമകളിലും ഒരുപോലെ സാന്നിധ്യമായിരുന്ന മീര പിന്നീട് മലയാളത്തില്‍ നിന്ന് ഔട്ടായി. അമ്മയുമായുള്ള ആശയക്കുഴപ്പമാണ് മീരയെ മലയാളത്തില്‍ നിന്ന് ഔട്ടാക്കിയത്.
എന്തായാലും തമിഴില്‍ മീരയ്ക്ക് ചിത്രങ്ങളുണ്ട്. പുതിയ സിനിമയില്‍ മീര കൈകോര്‍ക്കാന്‍ പോവുന്നത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പുരട്ചി കലൈഞ്ജര്‍ എം. കരുണാനിധിയുമായിട്ടാണ്. കരുണാനിധി പണ്ട് എഴുതിയ ‘ചുരുളി മല’ എന്ന ചെറുകഥയുടെ സിനിമാ രൂപത്തിലാണ് മീര ഭിനയിക്കാന്‍ ഒരുങ്ങുന്നത്. ‘നീയിന്‍ട്രി നാന് ഇല്ലൈ’ (നീയില്ലെങ്കില്‍ ഞാനില്ല) എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ഇളവേനിലാണ്.
കരുണാനിധിയുടെ ഒരു നോവല്‍ സിനിമയാക്കിയ പരിചയം ഇളവേനലിനുണ്ട്. വിനീത് നായകനായ ‘ഉളിയിന്‍ ഓസൈ’ ആയിരുന്നു ആ ചിത്രം. ബോക്സ് ഓഫീസില്‍ പടം പരാജയമടഞ്ഞു എങ്കിലും വിമര്‍ശകര്‍ പുകഴ്ത്തിയ സിനിമയായിരുന്നു അത്. കെ. ബാലചന്ദറുടെ ‘പൊയ്’ എന്ന സിനിമയില്‍ നായകനായ ഉദയ് കിരണാണ് സിനിമയില്‍ നായകനാവുന്നത്.
പഴയകാലത്തെ കഥയാണ് കരുണാനിധിയുടെ ‘ചുരുളി മല’ എങ്കിലും പുതിയ കാലഘട്ടത്തിനനുസരിച്ചായിരിക്കും സിനിമയുടെ കഥയെന്ന് ഇളവേനല്‍ പറയുന്നു. കരുണാനിധി ഇതിനകം തന്നെ തിരക്കഥാ രചന ആരംഭിച്ചുകഴിഞ്ഞു. ഉദയിന് ഒരു ഫോറസ്റ്റ് ഓഫീസറുടെ വേഷമാണ്, മീരയ്ക്ക് ഒരു ആദിവാസി പെണ്‍കുട്ടിയുടേതും. മനോജ് കെ ജയനാണ് വില്ലന്‍. തലൈവാസല്‍ വിജയ്, മനോരമ കഞ്ചാകറുപ്പ്, കോവൈ സരള എന്നിവരും ഇതില്‍ അഭിനയിക്കുന്നുണ്ട്.