അമീര്ഖാന് പരീക്ഷണങ്ങളുടെ ഉസ്താദാണ്. താന്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ ചിത്രങ്ങള്‍ ഏറ്റവും വ്യത്യസ്തമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തി. അതുകൊണ്ടു തന്നെ ലോകസിനിമയിലും ഇന്ത്യന്‍ സിനിമയിലും നടക്കുന്ന മാറ്റങ്ങളും പരീക്ഷണങ്ങളുമൊക്കെ ശ്രദ്ധാപൂര്‍വം അദ്ദേഹം നിരീക്ഷിക്കുന്നു.
തമിഴിലെ ബമ്പര്‍ ഹിറ്റായ ഗജിനി ഹിന്ദിയില്‍ കൊണ്ടു പോയി ചരിത്രവിജയമാക്കിയതോടെ തമിഴ് സിനിമയിലെ ചലനങ്ങള്‍ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണ് അമീര്‍. ഇപ്പോഴിതാ, അദ്ദേഹം മറ്റൊരു റീമേക്കിന് ഒരുങ്ങുകയാണ്. കെ എസ് രവികുമാര്‍ അജിത്തിനെ നായകനാക്കി ഒരുക്കിയ ‘വരലാറ്’(ഗോഡ്ഫാദര്‍) ആണ് അമീര്‍ഖാന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.
കെ എസ് രവികുമാര്‍ തന്നെയായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഇതോടെ രവികുമാര്‍ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. മൂന്നു കഥാപാത്രങ്ങളെ അമീര്‍ഖാന്‍ ഈ സിനിമയില്‍ അവതരിപ്പിക്കും. അച്ഛനും രണ്ടു മക്കളുമായാണ് അമീറിന്‍റെ വേഷപ്പകര്‍ച്ച. ഇതില്‍ ഒരു മകന്‍ സ്ത്രൈണതയുള്ള കഥപാത്രവുമാണ്.
തമിഴില്‍ അജിത് ഗംഭീരമാക്കിയ ഈ മൂന്നു കഥാപാത്രങ്ങളെയും തന്‍റേതായ ചില മാറ്റങ്ങള്‍ വരുത്തിയാണ് അമീര്‍ ഹിന്ദിയിലേക്ക് പറിച്ചുനടുന്നത്. ഗജിനിയെപ്പോലെ ഗോഡ്ഫാദറും ഒരു വന്‍ വിജയമാക്കി മാറ്റാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ അമീര്‍ ആരംഭിച്ചുകഴിഞ്ഞു.
ദശാവതാരത്തിന്‍റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെ എസ് രവികുമാര്‍ ഇപ്പോള്‍ സൂര്യയെ നായകനാക്കി ആദവന്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. അതിനു ശേഷം ശരത്കുമാറിനെ നായകനാക്കി ജഗ്ഗുഭായിയുടെ ചിത്രീകരണം ആരംഭിക്കും. ജഗ്ഗുഭായിക്കു ശേഷമേ ഗോഡ്ഫാദര്‍ ആരംഭിക്കുകയുള്ളൂ.