ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് ‘പുറത്തേക്കുള്ള വഴി’ എന്ന് പേരിട്ടു. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഡല്‍ഹിയും കുട്ടനാടുമാണ് പ്രധാന ലൊക്കേഷനുകള്‍.
കാക്കനാടന്‍റെ തുലാവര്‍ഷം എന്ന നോവലും ‘പുറത്തേക്കുള്ള വഴി’ ഉള്‍പ്പടെ ചില ചെറുകഥകളും സംയോജിപ്പിച്ചാണ് ടി വി ചന്ദ്രന്‍ തന്‍റെ പുതിയ സിനിമയ്ക്ക് കഥ കണ്ടെത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ജയറാം അഭിനയിക്കുക. കാക്കനാടന്‍റെ കഥകളുടെ പശ്ചാത്തലം അറുപതുകളാണെങ്കിലും സിനിമയില്‍ ഇത് വര്‍ത്തമാനകാലത്ത് സംഭവിക്കുന്നതായാണ് ചിത്രീകരിക്കുന്നത്.
ടി വി ചന്ദ്രന്‍റെ സിനിമയില്‍ ആദ്യമായാണ് ജയറാം അഭിനയിക്കുന്നത്. കെ മധുവിന്‍റെ ത്രില്ലറില്‍ അഭിനയിച്ച ശേഷം ജയറാം നായകനാകുന്ന സിനിമയായിരിക്കും പുറത്തേക്കുള്ള വഴി. പ്രവാസിമലയാളികളുടെ കൂട്ടായ്‌മയായ സംഘചിത്രയുടെ ബാനറില്‍ സി എന്‍ പ്രേമനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. ടി വി ചന്ദ്രന്‍ ഇതിന് മുമ്പ് സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം എന്നീ ചിത്രങ്ങള്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല.
വാല്‍ക്കഷണം: ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘പുറത്തേക്കുള്ള വഴി’. അറം പറ്റാതെ സൂക്ഷിച്ചാല്‍ മതിയെന്ന് ചില അസൂയക്കാര്‍.