ഇന്ത്യന്‍ യുവത്വത്തിന്‍റെ ഹരമായ ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിന് മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ മോഹം. എന്നെങ്കിലും താന്‍ മലയാളത്തില്‍ ഒരു ചിത്രമെങ്കിലും ചെയ്യുമെന്നാണ് ജോണ്‍ പറയുന്നത്. ജോണിന്‍റെ ആഗ്രഹത്തിന് ഒരു ന്യായീകരണമുണ്ട്. അദ്ദേഹം പാതി മലയാളിയാണ്.
ജോണിന്‍റെ അച്ഛന്‍ മലയാളിയും അമ്മ പാഴ്സിയുമാണ്. തന്‍റെ മലയാള ബന്ധത്തില്‍ ജോണിന് അഭിമാനവുമുണ്ട്. “എനിക്ക് മലയാളം സംസാരിക്കാനോ എഴുതാനോ അറിയില്ല. എന്നാല്‍ മലയാള സിനിമയെ ഞാന്‍ സ്നേഹിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാള്‍ മോഹന്‍ലാലാണ്. ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്നത് എന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്” - ജോണ്‍ ഏബ്രഹാം പറയുന്നു.
മീരാ നായര്‍ നിര്‍മ്മിച്ച ഹിന്ദി - ഇംഗ്ലീഷ് ചിത്രം ‘ലിറ്റില്‍ സിസോ’യുടെ തിളക്കത്തില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ ജോണ്‍ ഏബ്രഹാം. ബുദ്ധിയുള്ള അഭിനേതാവ് എന്നാണ് ബോളിവുഡ് ജോണിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പേര്. ജോണിന്‍റെ ശരീര സൌന്ദര്യം പരമാവധി ഉപയോഗിച്ച ദോസ്താന എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
വാട്ടര്‍, ജിസം, പാപ്, കരം, ഗരം മസാല, വിരുദ്ധ്, മധോഷി, ടാക്സി നമ്പര്‍ 9211, സിന്ദ, കാല്‍, സായ, എയിത്ബാര്‍, ധൂം, കാബൂള്‍ എക്സ്പ്രസ്, സലാം എ ഇഷ്ക്, ബാബുല്‍, എലാന്‍, ലക്കീര്‍, നോ സ്മോക്കിംഗ്, ഗോള്‍, ദോസ്താന തുടങ്ങിയവയാണ് ജോണ്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മലയാളത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം ജോണ്‍ പ്രകടിപ്പിച്ചതോടെ ഒട്ടേറെ മലയാള സംവിധായകര്‍ ജോണിനായി കഥയൊരുക്കാനുള്ള ശ്രമത്തിലാണെന്നറിയുന്നു.