കെ മധു സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന്‍റെ ചിത്രീകരണം ഈ മാസം 20ന് ആരംഭിക്കും. ജയറാം ഡബിള്‍ റോളില്‍ എത്തുന്ന ഈ ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയാണ്. കോക്കേഴ്സ് ഫിലിംസിന്‍റെ ബാനറില്‍ സിയാദ് കോക്കറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് തീരുമാനം.
അഭിനയ രംഗത്തേക്ക് ജയറാം ചുവടു വച്ചതേ ഡബിള്‍ റോളിലൂടെയാണ്. പത്മരാജന്‍റെ അപരന്‍ എന്ന ചിത്രത്തിലെ ആ ഇരട്ടക്കഥാപാത്രങ്ങള്‍ മലയാളികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നു. അടുത്തകാലത്ത് മയിലാട്ടം എന്ന ചിത്രത്തിലും ജയറാം ഇരട്ടവേഷങ്ങള്‍ ചെയ്തു. ഹരിദാസ് സംവിധാനം ചെയ്ത മാജിക് ലാംപ് എന്ന ചിത്രത്തില്‍ ജയറാം നാലു വേഷങ്ങളിലും അഭിനയിച്ചിരുന്നു.
എന്നാല്‍ കെ മധുവിന്‍റെ ചിത്രം നര്‍മ്മവും കുറ്റാന്വേഷണവും ഇടകലര്‍ത്തിയ ഒരു പ്രമേയമാണ് പറയുന്നത്. പതിവ് കെ മധു - എസ് എന് സ്വാമി കൂട്ടുകെട്ടിന്‍റേതായി വരുന്ന ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ സിനിമ.
ജയറാമിനെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. മുന്‍പ് ‘രണ്ടാം വരവ്’ എന്ന ജയറാം ചിത്രം മധു ചെയ്തെങ്കിലും അത് പരാജയമായിരുന്നു.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഇത് മൂന്നാം തവണയാണ് ജയറാം അഭിനയിക്കുന്നത്. ചാഞ്ചാട്ടം, ധ്രുവം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.