തമിഴകത്തെ നായകന്‍മാര്‍ താരാരാധനയുടെ ബലിയാടുകളാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. നടന്‍മാര്‍ എങ്ങനെയൊക്കെ നീങ്ങണം, ഏതുതരം കഥാപാത്രങ്ങളെ അവതരിപ്പിക്കണം, ആര് നായികയാകണം ഇതൊക്കെ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ചാണ് അവര്‍ ചെയ്യുന്നത്. ആരാധകരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ചലിക്കാത്ത ചുരുക്കം ചില നടന്‍മാരേ ഇപ്പോള്‍ തമിഴകത്തുള്ളൂ. കമലഹാസനെപ്പോലെ ചിലര്‍.
സൂര്യ അത്തരത്തില്‍ ഒരു നടനാണ്. പ്രേക്ഷകരുടെ മനസിന് സൂര്യയുടെ നീക്കങ്ങള്‍ പ്രവചിക്കാനാവില്ല. കാക്ക കാക്ക പോലെ ഒരു സിനിമയെന്ന് പ്രതീക്ഷിച്ച് വാരണം ആയിരത്തിന് ടിക്കറ്റെടുത്തവര്‍ക്ക് അതു മനസിലായിട്ടുണ്ടാകണം. എന്നും പുതുമ മാത്രം നല്‍കാനാഗ്രഹിക്കുന്ന നടന്‍മാരുടെ ഗണത്തിലാണ് സൂര്യയുടെ സ്ഥാനം.
ഇപ്പോഴിതാ, കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂര്യ വില്ലന്‍ വേഷത്തില്‍ അവതരിക്കുന്നു. അപ്പോള്‍ ആരാണ് നായകനെന്ന് ചോദിച്ചേക്കാം. നായകനും വില്ലനുമെല്ലാം സൂര്യ തന്നെ. വില്ലത്തരങ്ങളുള്ള ഒരു നായകനെയാണ് ആദവന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്.
തന്‍റെ കരിയറില്‍ ആദ്യമായാണ് വില്ലന്‍ സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് സൂര്യ പറഞ്ഞു. കെ എസ് രവികുമാറും തന്‍റെ പതിവ് ശൈലി ഈ ചിത്രത്തിനുവേണ്ടി മാറ്റിവയ്ക്കുകയാണ്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. ഗജിനിക്ക് ശേഷം സൂര്യയും നയന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദവന്‍. എന്തായാലും സൂര്യയിലെ വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴകം.