കമലഹാസനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത അടുത്തകാലത്ത് വന്‍ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കിയതാണ്. ഹിന്ദി ചിത്രമായ ‘എ വെനസ്‌ഡേ’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നും കമലും മമ്മൂട്ടിയും നായകന്‍മാരാകുന്നു എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ മമ്മൂട്ടിയെ ആ പ്രൊജക്ടില്‍ നിന്ന് മാറ്റിയിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്ന റോള്‍ മോഹന്‍ലാല്‍ അഭിനയിക്കും.
നീരജ് പാണ്ഡേ സംവിധാനം ചെയ്ത എ വെനസ്ഡേയില്‍ നസിറുദ്ദീന്‍ ഷായും അനുപം ഖേറുമായിരുന്നു നായകന്‍മാര്‍. നസിറുദ്ദീന്‍ ഷാ ഒരു തീവ്രവാദിയും അനുപം ഖേര്‍ പൊലീസ് ഉദ്യോഗസ്ഥനുമായാണ് അഭിനയിച്ചത്. തമിഴ് പതിപ്പില്‍ കമലഹാസനാണ് തീവ്രവാദി. മോഹന്‍ലാല്‍ പൊലീസായി വേഷമിടുന്നു. എത്രയും വേഗം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് കമലഹാസന്‍റെ തീരുമാനം. സംവിധായകനെ തീരുമാനിച്ചിട്ടില്ല.
നഗരത്തില്‍ ഒരു ബുധനാഴ്ച നടക്കുന്ന സംഭവവികാസങ്ങളാണ് എ വെനസ്ഡേയുടെ പ്രമേയം. ഒരു പൊലീസ് ഉദ്യോഗസ്ഥനെ, തീവ്രവാദി എന്ന് സ്വയം വിശേഷിപ്പിച്ച് ഒരാള്‍ ഫോണില്‍ ബന്ധപ്പെടുന്നു. നഗരത്തിന്‍റെ പലഭാഗങ്ങളിലായി ബോംബ് വച്ചിട്ടുണ്ട് എന്ന് അറിയിക്കുന്നു. സ്ഫോടനങ്ങള്‍ തടുക്കാന്‍ കഴിയുമെങ്കില്‍ തടുത്തോളൂ എന്നൊരു വെല്ലുവിളിയും. ബോംബുകള്‍ കണ്ടെത്താനും തീവ്രവാദിയെ കീഴടക്കാനുമായി പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം.
മമ്മൂട്ടി ഈ പ്രൊജക്ടില്‍ നിന്ന് എങ്ങനെയാണ് പുറത്തായത് എന്നതിന്‍റെ കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല. ഈ ചിത്രത്തിനു ശേഷം മോഹന്‍ലാലും കമലഹാസനും ഒന്നിക്കുന്ന ‘തലൈവന്‍ ഇരുക്കിറാന്‍’ എന്നൊരു പ്രൊജക്ടും കമലിന്‍റെ മനസിലുണ്ട്.