താര സംഘടനയായ അമ്മയുടെ അഭിമാന സംരംഭം, ‘ട്വന്‍റി20’ തുടക്കം മുതല്‍ പ്രതിസന്ധികളിലൂടെയാണ് സഞ്ചരിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട മാരത്തോണ്‍ ചിത്രീകരണത്തിന് ശേഷം റിലീസിങ്ങിന് എത്തുമ്പോള്‍ ഇതാ വീണ്ടും പുതിയ പ്രശ്‌നങ്ങള്‍.
സിനിമ ഈ മാസം 31ന് തിയേറ്ററില്‍ എത്തുമെന്ന് തീരുമാനിച്ചെങ്കിലും റീലീസിങ്ങ് തീയതി വീണ്ടും നീട്ടിവയ്‌ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ജോഷി ചിത്രത്തിന് ആദ്യം എതിരായത് കാലാവസ്ഥയായിരുന്നു, പിന്നെ താരങ്ങളെ ഒന്നിപ്പിക്കുന്നതായിരുന്നു നിര്‍മ്മാതാവായ ദിലീപിനെ കുഴക്കിയത്.
മുഖ്യധാര ചിത്രങ്ങള്‍ കേരളത്തില്‍ 48 കേന്ദ്രങ്ങളിലാണ് ഇതുവരെ റിലീസ് ചെയ്‌തു കൊണ്ടിരുന്നത്. റിലീസ് കേന്ദ്രങ്ങളുടെ എണ്ണം 70 ആക്കി ഉയര്‍ത്താനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്.
ഈ തീരുമാനത്തിന് എതിരെ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് എത്തി. കേരള ഫിലിം ചേംബറിന്‍റെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നീക്കമെന്ന് അവര്‍ വാദിക്കുന്നു.