സുരേഷ് ഗോപി വീണ്ടും കോമഡിയില്‍ കൈവയ്‌ക്കുന്നു. സിനിമയിലേക്ക് രണ്ടാം വരവിന് അരങ്ങൊരുക്കിയ ആക്ഷന്‍ വേഷങ്ങള്‍ പണ്ടേ പോലെ ഫലിക്കാതെ വരുമ്പോഴാണ് മലയാളിയുടെ മസില്‍മാന്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.
സുന്ദരപുരുഷന്‍ ആണ് സുരേഷ് ഗോപി മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച അവസാനത്തെ ചിത്രം. മികച്ച കോമഡി ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച താഹയാണ് സുരേഷ് ഗോപിയെ കൊണ്ട് വീണ്ടും തമാശ പറയിക്കാന്‍ തയ്യാറെടുക്കുന്നത്. ‘ഹൈലേസ’ എന്നാണ് ചിത്രത്തിന്‍റെ പേര്.
മൂക്കില്ലാരാജ്യത്ത്, ഈ പറക്കും തളിക തുടങ്ങിയ താഹ ചിത്രങ്ങള്‍ മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. താഹയുടെ ആദ്യ ചിത്രമായ വര്‍ണത്തില്‍ സുരേഷ് ഗോപി നേരത്തെ അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ‘ഹൈലേസ’ എന്ന താഹ പറയുന്നു.
താഹയും സായ് ദാമോദറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിപിന്‍ മോഹന്‍ ആണ് ഛായാഗ്രാഹണം. ഔസേപ്പച്ചന്‍ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
സുരേഷ് ഗോപിക്ക് കൂട്ടാളിയായി സാക്ഷാല്‍ ജഗതി ശ്രീകുമാറും എത്തുന്നു. ഗണപതി അയ്യര്‍ (ലാലു അലക്‌സ്) എന്ന വ്യവസായിയുടെ ജോലിക്കാരാണ് സുരേഷ്‌ഗോപിലും ജഗതിയും. ജോലി ഉപേക്ഷിച്ച് പോകാന്‍ തയ്യാറാകുന്ന ഇരുവരും ചില കാരണങ്ങളാല്‍ അവിടെ തുടരുകയാണ്. നായിക ശാലിനി (മുക്ത) രംഗ പ്രവേശം ചെയ്യുന്നതോടെ കാര്യങ്ങല്‍ കൂടുതല്‍ ഗുരുതരമാകുന്നു.