സൂപ്പര്സ്റ്റാര് രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പതിവ് മൗനം തുടരുമ്പോള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനി അണികള്‍ ഏറെ ദൂരം മുന്നോട്ട് പോയി.
ഒരുകൂട്ടം രജനി ആരാധകര്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സ്റ്റൈല്‍മന്നനെ രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് അണികളുടെ രാഷ്ട്രീയപ്രഖ്യാപനം.
കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള ആദ്യ പ്രഖ്യാപനം അരങ്ങേറിയത്. ചെന്നെയിലെ രജനി ഫാന്‍സ് അസോസിയേഷന്‍ ആസ്ഥാനത്ത് നിന്ന് അന്തിമ അനുമതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മുന്നോട്ട് പോകാനാണ് അണികളുടെ നീക്കം.
പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി തുടങ്ങിയവ എങ്ങനെ വേണമെന്നതിനെ കുറിച്ചും അണികള്‍ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. 'ദേശീയ ദ്രാവിഡ മക്കള്‍ മുന്നേറ്റ കഴകം'(ഡിഡിഎംഎംകെ) എന്നാണ് അണികള്‍ പാര്‍ട്ടിയുടെ പേര് നിശ്ചയിച്ചിരിക്കുന്നത്.
ചുമപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങളോടുകൂടിയതാണ് കൊടി. രജനിയുടെ ചിത്രം നടുക്ക് പതിച്ച കൊടി ആരാധകര്‍ സമ്മേളനത്തില്‍ പുറത്തിറക്കി. രജനി അഭിനയം നിര്‍ത്തണമെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും ആവശ്യപ്പെട്ട് ആരാധകര്‍ പ്രമേയവും പാസാക്കി.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്‌ജീവി 'പ്രജാരാജ്യം' എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ 'രജനീരാജ്യം' എന്ന പേരില്‍ സൂപ്പര്‍സ്റ്റാര്‍ പാര്‍ട്ടിയുണ്ടാക്കണമെന്ന് ആരാധകര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.
രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് രജനി പാലിക്കുന്ന മൗനം ഉടയ്‌ക്കാന്‍ തന്നെയാണ് ആരാധകരുടെ നീക്കം.