മലയാളസിനിമയിലെ ഏറ്റവും ശക്തന്മാരായ മീശപിരിക്കല്‍ വീരന്മാരെ സൃഷ്ടിച്ച രഞ്‌ജിത്ത് പറയുന്നു ഇനി ആ പണിക്ക് ഇല്ലെന്ന്.
മീശ പിരിക്കുന്ന കഥാപാത്രങ്ങളെ വച്ച് ഇനി സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്‌ജിത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ആറാംതമ്പുരാനും രാവണപ്രഭുവും പോലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഇനി താത്‌പര്യമില്ല. ജീവിതത്തോട് അടുത്തു നില്‍ക്കുന്ന കഥാപാത്രങ്ങളോടാണ് താത്‌പര്യം.
ചവിട്ടും തൊഴിയും ഇല്ലാത്ത സിനിമയും മലയാളികള്‍ സ്വീകരിക്കും എന്നതിന് തെളിവാണ് തന്‍റെ ഓണച്ചിത്രമായ ‘തിരക്കഥ’യുടെ വിജയം. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതമാണ് ‘തിരക്കഥ’യുടെ പ്രചോദനം എന്നും രഞ്‌ജിത്ത് പറഞ്ഞു.
കമലാഹാസനും ശ്രീവിദ്യയും തമ്മിലുള്ള ബന്ധം വിവാഹം വരെ എത്തിയതായിരുന്നു. ശ്രീവിദ്യ മരണക്കിടക്കയിലായിരുന്നപ്പോള്‍ കമല്‍ ആരും മറിയാതെ എത്തി അവരുമായി സമയം ചെലവഴിച്ചു എന്ന വാര്‍ത്തയാണ് ഈ സിനിമക്ക് പ്രചോദനമായത് എന്ന് രഞ്‌ജിത്ത് പറഞ്ഞു.
അതിലുപരി ശ്രീവിദ്യയുടെ ജീവിതവുമായി സിനിമക്ക് യാതൊരു ബന്ധവും ഇല്ലെന്നും ‘തിരക്കഥ’യുടെ തിരക്കഥാകൃത്തും സംവിധായകനും ആയ രഞ്‌ജിത്ത് വ്യക്തമാക്കി.
ജീവിതം സിനിമക്ക് വേണ്ടി മാത്രം ചെലവഴിച്ച ശ്രീവിദ്യയെ പോലുള്ള നടിമാരോടുള്ള ആദരവാണ് ചിത്രത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ ‘തിരക്കഥ’ മറ്റ് സംവിധായകര്‍ക്കും പ്രചോദനമാകുമെന്നും രഞ്‌ജിത്ത് പ്രത്യാശിച്ചു.