പിറന്നമണ്ണില്‍ അന്യരാജ്യക്കാരായി ജീവിക്കേണ്ടിവന്നവരുടെ വേദനകള്‍ പങ്കുവച്ച പി ടി കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’ പ്രശസ്‌തമായ കെയ്‌റോ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മേളയിലെ പ്രത്യേക മനുഷ്യാവകാശ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജ്യാന്തരതലത്തില്‍ ഇതിനോടകം തന്നെ ‘പരദേശി’ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ പാക് പൗരന്മാരെ കുറിച്ചുള്ള ചിത്രത്തില്‍ വലിയകത്ത് മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന സര്ക്കാര് പുരസ്‌കാരം ലഭിച്ചിരുന്നു.
പാക് വിഭജനത്തിന് മുമ്പ് കറാച്ചിയിലും മറ്റും ജോലി തേടി പോയവര്‍ക്ക് വിഭജനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ പാക് വിസ സമ്പാദിക്കേണ്ടി വന്നു. തിരിച്ച് നാട്ടില്‍ വന്നപ്പോള്‍ അവര്‍ ഔദ്യോഗിക രേഖ പ്രകാരം പാക് പൗരന്മാരായി മാറി.
ഇന്ത്യ-പാക് യുദ്ധകാലത്ത് പാക് ചാരന്മാരെന്ന പഴിയും ഇത്തരക്കാര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. രാജ്യദ്രോഹ കുറ്റം ഭയന്ന് മനുഷ്യാവകാശ സംഘനടകളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മടിച്ചു നില്‍ക്കുകയാണ്. ഈ സമകാലീന യാഥാര്‍ഥ്യമാണ് ‘പരദേശി’യിലൂടെ പി ടി കുഞ്ഞുമുഹമ്മദ് അവതരിപ്പിച്ചത്.
ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ ചിത്രം അടുത്തിടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.