സൂപ്പര്സ്റ്റാര് രജനിയും സൂപ്പര്സംവിധായകന് ഷങ്കറും വീണ്ടും ഒന്നിക്കുന്ന ‘യന്തിര’ത്തിന്റെ (റോബോര്‍ട്ട്) ചിത്രീകരണം പെറുവില്‍ ആരംഭിച്ചു.
ബോളിവുഡ് താര സുന്ദരി ഐശ്വര്യറായിയും രജനിയും ഒന്നിക്കുന്ന ആദ്യ ചിത്രമായ ‘യന്തിരം’ തെന്നിന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സയന്‍സ്‌ഫിക്ഷന്‍ ചിത്രമായിരിക്കും. ലോകാത്ഭുതങ്ങളിലൊന്നായി മാച്ചു പിച്ചുവില് സിനിമയുടെ ഗാനരംഗങ്ങള് ചിത്രീകരിക്കും.
സമുദ്രനിരപ്പിനേക്കാള്‍ 2,400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചരിത്രസ്‌മാരകത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ചിത്രീകരിക്കുന്നത്. 1460ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന മാച്ചുപിച്ചു ഇന്‍കാ സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു.
ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്‌ധരാണ് ‘യന്തിര’ത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മെന്‍ ഇന് ബ്ലാക്ക്, ബാറ്റ്മാന് റിട്ടേണ്സ്, ഇന്സ്പെക്ടര് ഗാഡ്‌ജെറ്റ് തുടങ്ങി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മാരി ഇ വോഗ്‌റ്റ് ആണ് സിനിമക്ക് വേണ്ടിയുള്ള സയന്റിഫിക് കോസ്‌റ്റിയൂമുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
‘ശിവാജി’യില് രജനിയെ ഒരുക്കിയ ബോളിവുഡ് ഫാഷന് ഡിസൈനര് മനീഷ് മല്‍ഹോത്രയാണ് മറ്റ് സാധാരണ വേഷങ്ങള്‍ ഒരുക്കുന്നത്.
സിനിമക്ക് വേണ്ടി യന്ത്രങ്ങളുടെ ചലനങ്ങളും മറ്റും തയ്യാറാക്കുന്നത് സ്‌റ്റാന്‍ വിന്‍സ്‌റ്റണ്‍ സ്‌റ്റുഡിയോ ആണ്. ഐയണ്‍ മാന്, ടെര്മിനേറ്റര്, ജുറാസി പാര്ക്ക്, പേള്‍ഹാര്‍ബര്‍, ഐ-റോബോട്ട് തുടങ്ങിയ ചിത്രങ്ങളുടെ സാങ്കേതിക പിന്തുണ നല്‌കിയതും ഇവരായിരുന്നു.
മെട്രിക്‌സ്, ക്രൗച്ചിങ്ങ് ടൈഗര് ഹിഡന് ഡ്രാഗണ്, കില് ബില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഭ്രമാത്മകമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ യൂന്‍ വൂ പിങ്ങാണ് ‘യന്തിര’ത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.