സിനിമക്ക് ഇംഗ്ലീഷ് പേര് നല്‌കുന്നത് തമിഴന് പണ്ടേ ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ‘ശിവാജി’ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനിയും ഷങ്കറും ഒന്നിക്കുന്ന മെഗാ സംരംഭത്തിന് ‘റോബോര്‍ട്ട്’ എന്ന പേരിട്ടത് പലര്‍ക്കും അത്ര രസിച്ചിരുന്നില്ല.
‘റോബോര്‍ട്ട്’ എന്ന പേര് ശങ്കര്‍ മാറ്റി എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ‘യന്തിരം’ (മലയാളത്തില്‍ യന്ത്രം) എന്നാണ് സിനിമക്ക് നല്‌കിയിരിക്കുന്ന പുതിയ പേര്. ‘യന്തിരം: ദ റോബോര്‍ട്ട്’ എന്നും വിളിക്കാം.
തമിഴ് പേരുള്ള ചിത്രങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. രജനി സിനിമാപേരില്‍ തമിഴ് ചേര്‍ത്തെങ്കിലും വാലു പോലെ ഇംഗ്ലീഷും ഉള്ളതിനാല്‍ സബ്‌സിഡി ആനുകൂല്യം കിട്ടില്ല എന്നാണ് അറിയുന്നത്.
സബ്‌സിഡി ലഭിച്ചില്ലെങ്കിലും തമിഴിനോടുള്ള കൂറ് നിലനിര്‍ത്താന്‍ വേണ്ടിയാണ് സൂപ്പര്‍സ്റ്റാര്‍ ‘യന്തിരം’ എന്നു കൂടി പേരില്‍ ചേര്‍ത്തത്. ‘യന്തിര’, ‘യന്തിരന്‍’ എന്നീ പേരുകളും നേരത്തെ ആലോചിച്ചിരുന്നു. ഒടുവില്‍ ‘യന്തിരം: ദ റോബോര്‍ട്ട്’ എന്ന് നിശ്ചയിക്കുകയായിരുന്നു.
തമിഴിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ശാസ്‌ത്ര സിനിമയായിരിക്കും ‘യന്തിരം’ എന്നാണ് ശങ്കര്‍ അവകാശപ്പെടുന്നത്. പ്രമുഖ തമിഴ് എഴുത്തുകാരനായ സുജാതയുടെ ‘എന്‍ ഇനിയ ലെന്തിര’, ‘ജേനോ’ എന്നീ രണ്ടു നോവലുകളാണ് സിനിമയ്‌ക്ക് ആധാരം എന്നും അറിയുന്നു.
സിനിമയുടെ മൂന്ന് ഫോട്ടോഷൂട്ടുകള്‍ ഇതിനോടകം കഴിഞ്ഞു. അവസാനമായി ഹോളിവുഡിലാണ് ‘യന്തിര’ത്തിന്‍റെ ഫോട്ടോഷൂട്ട് നടന്നത്. ഈ വാരം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ബ്രസീലില്‍ നടക്കും എന്നാണ് അറിയുന്നത്.
ഐശ്വര്യറായി ബച്ചനാണ് ‘യന്തിര’ത്തില്‍ രജനിയുടെ നായിക. ലണ്ടന്‍ ആസ്ഥാനമായ രാജ്യാന്തര നിര്‍മ്മാണ കമ്പനിയാണ് സിനിമക്ക് പണമിറക്കുന്നത്. 140 കോടിയാണ് സിനിമയുടെ ബഡ്‌ജറ്റായി കണക്കാക്കിയിരിക്കുന്നത്.
ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രമായിരിക്കണം ‘യന്തിരം’ എന്ന കാര്യത്തില്‍ ശങ്കറിനും കൂട്ടര്‍ക്കും വാശിയുണ്ടെന്നാണ് അറിയുന്നത്!