സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരി കൂട്ടുന്ന റിലീസ് ചെയ്യാത്ത ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയില്‍.
അവാര്‍ഡ് കിട്ടി എന്ന ഒരു കാരണം കൊണ്ട് തന്നെ സിനിമ വിതരണത്തിന് എടുക്കാന്‍ ആളെ കിട്ടാത്തതാണ് നല്ല സിനിമയുടെ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 2006ല്‍ മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ ലെനിന്‍ രാജേന്ദ്രന്റെ ‘രാത്രിമഴ’ എന്ന ചിത്രം ഇനിയും തിയേറ്ററുകളില്‍ എത്തിയില്ല.
സിനിമ വിതരണം ചെയ്യാന്‍ തയ്യാറായി എത്തിയ വിതരണക്കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതോടെ പിന്മാറിയതാണ് മലയാളത്തിലെ പ്രമുഖ സംവിധായകനായ ലെനില്‍ രാജേന്ദ്രന് നേരിട്ട അനുഭവം.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ ‘അടയാളങ്ങള്‍’ എന്ന സിനിമയും ഈ പ്രതിസന്ധി നേരിട്ടാണ് തിയേറ്ററില്‍ എത്തുന്നത്. അവാര്‍ഡ് ലേബല്‍ വീണതിനാല്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു എന്ന് സംവിധായകന്‍ എം ജി ശശി പറയുന്നു.
“സിനിമ തിയേറ്ററില്‍ എത്തിയാല്‍ പ്രേക്ഷകര്‍ കാണും എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. വിതരണക്കാര്‍ക്ക് അവാര്‍ഡ് സിനിമകളോടുള്ള സമീപനം മാറേണ്ടതുണ്ട്”-എം ജി ശശി പറഞ്ഞു.