ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന മാക്ടയില്‍ തെരഞ്ഞെടുപ്പ് കാഹളം ഉയര്‍ന്നതോടെ കലാകാരന്മാര്‍ രണ്ടുതട്ടുകളിലായി ചേരി തിരഞ്ഞ് പോരാട്ടം ആരംഭിച്ചു.
സെപ്‌തംബര്‍ ആറിനും ഏഴിനും നടക്കുന്ന തെരഞ്ഞെടുപ്പില്‍ മലയാളസിനിമയിലെ പ്രശസ്‌തരും അപ്രശസ്‌തരുമായ മുപ്പത് പേരാണ് മത്സരിക്കുന്നത്. സംവിധായകന്‍ വിനയനും സിദ്ധിക്കും നേതൃത്വം നല്‌കുന്ന രണ്ട് പാനലുകളാണ് രംഗത്തുള്ളത്.
സാമ്പത്തിക ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വിനയനോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മാക്ടയിലെ പത്തൊന്‍പത് യൂണിയനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സംവിധായക യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് തീ പാറുക.
സംവിധായക യൂണിയനിലേക്ക് വിനയന്‍റെ പാനലില്‍ നിന്നും മത്സരിക്കുന്നത് മോഹനും ബിജു കൊട്ടാരക്കരയും തുളസീദാസും ആണ്. മറുഭാഗത്തുള്ളത് സിദ്ധിക്കും സിബി മലയിലും ജി എസ് വിജയനും ആണ്
കലാ സംവിധായകരുടേയും എഴുത്തുകാരുടേയും ഛായാഗ്രാഹകരുടേയും യൂണിയനുകളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
എഴുത്തുകാരുടെ സംഘനയിലേക്ക് വിനയന്‍ പക്ഷത്ത് നിന്ന് മത്സരിക്കുന്നത് ബിജു വട്ടപ്പാറയും അലപ്പി അഷ്‌റഫും റെജി മാത്യൂസും ആണ്. ബി ഉണ്ണികൃഷ്‌ണനും ഉദയകൃഷ്‌ണനും ഡെന്നിസ് ജോസഫും ആണ് മറുഭാഗത്ത്.
ഛായാഗ്രാഹക യൂണിയനിലേക്ക് സിദ്ധിക് പക്ഷത്തുനിന്നും അഴകപ്പനും പി സുകുമാരനും മത്സരിക്കുമ്പോള്‍ കെ പി നമ്പ്യാതിരിയും വിപിന്‍ദാസുമാണ് മറുഭാഗത്ത്.
ഈ മാസം മുപ്പതിനാണ് വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കുക. ഇരുപക്ഷവും പട്ടികയിലേക്ക് ഇഷ്ടക്കാരെ തിരുകി കയറ്റിയിട്ടുള്ളതിനാല്‍ സ്‌ക്രൂട്ടണി കമ്മറ്റി ഇവ വിലയിരുത്തി അനര്‍ഹരെ പുറത്താക്കും.