മാക്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയക്കാരെ വെല്ലുന്ന തന്ത്രങ്ങള്‍ സിനിമാക്കാര്‍ അണിയറയില്‍ പയറ്റുന്നു. പിളര്‍പ്പിന്‍റെ വക്കില്‍ നിന്നും മലയാള ചലച്ചിത്രപിന്നണി പ്രവര്‍ത്തകരെ ഒന്നിച്ച് നിര്‍ത്താനുള്ള ദേശീയ സംഘടനയുടെ ഇടപെടല്‍ മാക്ട പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പുതിയ മത്സരങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
മാക്ട ഫെഡറേഷന്‍ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ സംവിധായകന്‍ വിനയനൊപ്പമുള്ളവര്‍ അപ്രശസ്‌തരായ ചലച്ചിത്രപ്രവര്‍ത്തകരാണ്. എന്നാല്‍ താരസംഘടനയായ അമ്മയുടെ പിന്തുണയോടെ പ്രമുഖ സംവിധായകരെല്ലാം മറുഭാഗത്ത് ഒന്നിച്ചു നില്‍ക്കുന്നു.
മാക്ട ഫെഡറേഷന് കീഴിലുള്ള 16 യൂണിയനുകളുടെ തെരഞ്ഞെുടപ്പില്‍ വിജയം നേടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. മാക്ട ഫെഡറേഷനില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 17 യൂണിയനുകളാണ് അഫിലിയേറ്റ് ചെയ്‌തിരുന്നത്. എന്നാല്‍ ദേശിയ സംഘടനയായ ഐഫെക് പി ആര്‍ ഒയൂണിയനെ ഒഴിവാക്കിയിരിക്കുകയാണ്. ദേശിയ തലത്തില്‍ ഇത്തരം സംഘടന ഇല്ലാത്തതിനാലാണ് കേരളത്തിലും സംഘടന വേണ്ട എന്ന് തീരുമാനിച്ചത്.
മാക്ട ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ സിനിമയെ വെല്ലുന്ന വീറും വാശിയും നിറയുന്നു. ആളെപ്പിടിക്കാന്‍ ഇരുപക്ഷവും സകല അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണ്.മാക്ടയിലെ പ്രശ്ന സമയത്ത് ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നവരെ വിമത പക്ഷം പുതിയ ചിത്രങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് ഐഫകിന് പരാതി ലഭിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാരും ലൈറ്റ് ബോയ്‌സും പ്രൊഡക്ഷന്‍ സഹായികളേയും സഹസംവിധായകരേയും ചാക്കിട്ടു പിടിക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. അനധികൃതമായി യൂണിയനില്‍ കയറിക്കൂടിയവരെ ഒഴിവാക്കാനും ഇരുവിഭാഗവും ശ്രമിക്കുന്നു.
ഇരുവിഭാഗത്തു നിന്നും അഞ്ച് പേരെ വീതം ഉള്‍പെടുത്തിയ അഡ്‌ഹോക്ക് കമ്മറ്റിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‌കുന്നത് . വിവിധ യൂണിയനുകളുടെ അംഗത്വ പരിശോധന ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി യൂണിയനില്‍ അംഗത്വം ലഭിച്ച പലരുടെയും പേരുകള്‍ പരിശോധനയില്‍ ഒഴിവാക്കും.
|