നെടുമുടിവേണുവും തിലകനും നേര്‍ക്കുനേര്‍ കണ്ടാല്‍ എന്തു സംഭവിക്കും. ചാനലുകളിലൂടെ പരസ്‌പരം ചെളിവാരി എറിഞ്ഞ മലയാളത്തിന്‍റെ പ്രിയ നടന്മാര്‍ ഒരേ വേദി പങ്കിട്ടത് കൗതുകമായി.
നെടുമുടിയെ പോലെ ഒരാള്‍ സിനിമയിലെന്നല്ല കലാ ജീവിതത്തില്‍ തന്നെ ഉണ്ടാകാന്‍ പാടില്ലെന്നാണ് തിലകന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്. തിലകന് അവസരങ്ങള്‍ കുറയുന്നത് കൊണ്ടുള്ള മാനസിക പ്രശ്‌നമാണെന്നായിരുന്നു നെടുമുടിയുടെ മറുപടി. തര്‍ക്കവും കുതര്‍ക്കവും താരസംഘടനയായ അമ്മയുടെ മുന്നില്‍ പോലും ചൂടുള്ള തര്‍ക്കമായി.
തിലകനുമായി നേരിട്ട് സംസാരിച്ച് വെടിനിര്‍ത്തലിന് വേണ്ടി പരിശ്രമിക്കാന്‍ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് നിയുക്തനാക്കപ്പെടുകയും ചെയ്‌തു. എന്തായാലും ആ നീക്കത്തിന് ഫലം കണ്ടു എന്നു വേണം കരുതാന്‍. ദേശീയ പുരസ്‌കാര ജേതാക്കളെ അനുമോദിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഹാനടന്മാര്‍ ഒരേ വേദി പങ്കിട്ടെങ്കിലും പൊട്ടിത്തെറികള്‍ ഒന്നും ഉണ്ടായില്ല.
അഭിനയത്തിന് ജൂറിയ പ്രത്യേക പരാമര്‍ശം ലഭിച്ച തിലകനും പിന്നണി വിവരണത്തിന് പുരസ്‌കാരം ലഭിച്ച നെടുമുടിവേണുവും പരസ്യവിവാദത്തിന് ശേഷം ഒന്നിക്കുന്നു എന്നതായിരുന്ന ചടങ്ങിന്‍റെ പ്രത്യകത. എന്നാല്‍ നേരിട്ടുള്ള ഇടപെടലുകളും തര്‍ക്കങ്ങളും മഹാനടന്മാര്‍ ഒഴിവാക്കി.
വേദിയിലേക്ക് കയറി നെടുമുടി വേണുവാണ് അല്‌പമെങ്കിലും സ്‌പോട്‌സ്‌മാന്‍ സ്‌പിരിറ്റോടെ പെരുമാറിയത്. വേദിയിലെത്തിയ നെടുമുടി തിലകനേയും അഭിവാദ്യം ചെയ്‌തു. ഗൗരവം വിടാതെ തിലകന്‍ തിരിച്ചും അഭിവാദ്യം നല്‌കി.
ഇരുവരുടേയും മറുപടി പ്രസംഗത്തിന് മാധ്യമപ്രവര്‍ത്തകര്‍ കാതൊര്‍ത്തെങ്കിലും ഒന്നും സംഭവിച്ചില്ല. “ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ” എന്ന മട്ടില്‍ മുഖത്ത് ഭാവം വരുത്തി ഇരുവരും നല്ല കുട്ടികളെ പോലെ വേദി വിട്ടു.