'ഖുദാ കേലിയേ' എന്ന പാക് ചിത്രത്തിന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ മികച്ച സ്വീകരണം ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഒരേ സമയം റിലീസ് ചെയ്യാന്‍ മറ്റൊരു പാക് ചിത്രം തയ്യാറെടുക്കുന്നു. പാക് സംവിധായിക മഹരീന്‍ ജബ്ബാറിന്‍റെ കന്നിചിത്രമായ ‘രാം ചന്ദ് പാകിസ്ഥാനി’യാണ് അടുത്തമാസം ഇന്ത്യയിലും പാകിസ്ഥാനിലും ഒരേ സമയം റിലീസ് ചെയ്യുക.
ഷോഐബ് മണ്‍സൂറിന്‍റെ ‘ഖുദാ കേലിയേ’ക്ക് ഇന്ത്യന്‍ നഗരങ്ങളില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ടെലിവിഷന്‍ രംഗത്തുനിന്നും സിനിമയിലെത്തിയ സംവിധായികയാണ് ഹരീന്‍ ജബ്ബാര്‍ . അവിചാരിതമായി ഇന്ത്യ-പാക് അതിര്‍ത്തി കടന്നു പോയ ഒരു കീഴ്‌ജാതിക്കാരനായ ഒരു പാകിസ്ഥാനിയുടെയും മകന്‍റേയും കഥയാണ് ‘രാംചന്ദ് പാകിസ്ഥാനി’.
പാക് ചാരന്മാരാണെന്ന് സംശയിച്ച് ഇന്ത്യന്‍ സേന ഇവരെ കാരാഗ്രഹത്തില്‍ അടയ്‌ക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധവും അവര്‍ക്ക് നീതി നല്‌കുന്നില്ല , അതിര്‍ത്തിക്ക് അപ്പുറത്ത് അയാളുടെ ഭാര്യ കണ്ണീരൊഴുക്കി കാത്തിരിക്കുന്നു. ഇന്ത്യന്‍ നടി നന്ദിതാദാസ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇതിനോടകം തന്നെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ അതിര്‍ത്തികടന്ന പാകിസ്ഥാനിലെത്തി മികച്ച പ്രകടനം നടത്തുന്നുണ്ട്. മഹേഷ് ഭട്ടിന്‍റെ ‘ആവാരപന്‍ ’ ആയിരുന്നു പാകിസ്ഥാനില്‍ ബോളിവുഡ് പ്രദര്‍ശനങ്ങളുടെ തുടക്കമിട്ടിരുന്നു. ‘വെല്‍ക്കം’ അടക്കമുള്ള ചിത്രങ്ങള്‍ പിന്നീട് മികച്ച പ്രദര്‍ശന വിജയം നേടുകയും ചെയ്‌തു.
പാകിസ്ഥാനില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നുണ്ട്. പാകിസ്ഥാനില്‍ ഇതിനോടകം പ്രദര്‍ശന വിജയം നേടിയ ഹൊറര്‍ ചിത്രവും ഉടന്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.
ഇന്ത്യന്‍ ചിത്രങ്ങള്‍ പാകിസ്ഥാനില്‍ പ്രദര്‍ശന വിജയം നേടുമ്പോള്‍ പാക് ദേശീയ സിനിമ നാശത്തിന്‍റെ പാതയിലാണെന്ന് പാക് സംവിധായകര്‍ വെളിപ്പെടുത്തുന്നു. ഉറുദു സിനിമകള്‍ ഇപ്പോള്‍ ചിത്രീകരണത്തില്‍ പോലും ഇല്ല.