ചക്കരപാത്രത്തില്‍ കൈയ്യിട്ട് നക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ‘ബോളിവുഡ് ബാദുഷാ’ ഷാരൂഖിന് പിന്നാലെ വിവാദങ്ങള്‍ പെരുകുന്നതിനെ കുറിച്ച് താരത്തിന്‍റെ ആത്മഗതമാണിത്. ഷാരുഖ് ‘അതിവിശിഷ്ടം’ എന്ന് പരസ്യത്തിലൂടെ പ്രഖ്യാപിക്കുന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച് ചൊറി പിടിച്ചു എന്ന് ആരോപിച്ച് ഒരു തടവുപുളളിയാണ് ഇത്തവണ കേസുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുംബൈ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അഷ്‌റഫ് അന്‍സാരിക്ക് വേണ്ടി സഹോദരനാണ് കേസ് ഫയല്‍ ചെയ്‌തത്. ഷാരൂഖിന്‍റെ ആരാധകനായ അഷ്‌റഫ് താരത്തിന്‍റെ പരസ്യത്തില്‍ മയങ്ങി ചൂട് മാറാന്‍ പൗഡര്‍ ഉപയോഗിച്ചത് വിനയായി എന്നാണ് പരാതി. പൗഡര്‍ ഉപയോഗിച്ച അഷ്‌റഫ് ത്വക്ക് രോഗ ബാധിതനായത്രേ.
എന്നാല്‍ കേസും വിവാദവും എല്ലാം കള്ളത്തരമാണെന്നാണ് സൂപ്പര്‍ താരത്തിന്‍റെ നിലപാട്. ഷാരൂഖിനെ കേസില്‍ കുടുക്കി ചുളുവില്‍ മാധ്യമ ശ്രദ്ധനേടുന്നതിനും പണം തട്ടുന്നതിനുമാണ് ശ്രമം എന്നാണ് താരത്തിന്‍റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.
ചൂട് കൂരു മാറുന്നതിന് വേണ്ടി പൗഡര്‍ ഇട്ടപ്പോള്‍ ആദ്യം തണുപ്പ് അനുഭവപ്പെട്ടെങ്കിലും കുറേ കഴിഞ്ഞപ്പോള്‍ ശരീരമാസകലം ചൊറിയാന്‍ തുടങ്ങിയത്രേ. തടവുപുള്ളിയുടെ ശരീരമാസകലം നീറി പൊട്ടി എന്നാണ് അയാളുടെ അഭിഭാഷകന്‍റെ നിലപാട്. ഇത്തരം തരംതാണ ഉത്‌പന്നങ്ങളുടെ പരസ്യത്തില്‍ ഷാരൂഖ് അഭിനയിക്കരുത് എന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
എന്നാല്‍ , ജയിലിനുള്ളില്‍ കിടക്കുന്ന പ്രതി പൗഡര്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്നത് ശരിയല്ല എന്നാണ് ഷാരൂഖിന്‍റെ അഭിഭാഷകന്‍റെ ആരോപണം. കാരണം ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ജയിലില്‍ നിയമപ്രകാരം ഉപയോഗിക്കാന്‍ പാടില്ലത്രേ. എന്നിരുന്നാലും ഷാരൂഖ് പരസ്യം ചെയ്യുന്ന പൗഡര്‍ അപകടകാരിയല്ലെന്നും അഭിഭാഷകന്‍ പറയുന്നു.
പരാതി പിന്‍വലിച്ച് ഒരാഴ്‌ചക്കുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ തടവ് പുള്ളിക്കും സഹോദരനും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നാണ് ഷാരൂഖാന്‍റെ മുന്നറിയിപ്പ്.