ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് വിരാമം ഇട്ട് സുഷ്മിതാ സെന്‍ തിരിച്ചെത്തുകയാണ്. ഡേവിഡ് ധവാന്‍റെ കോമഡി ചിത്രമായ ‘ഡൂ നോട്ട് ഡിസ്റ്റര്‍ബ്’ ആണ് സുഷിന്‍റെ തിരിച്ചു വരവിന് അവസരം ഒരുക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമായി തന്നെ ആഘോഷിക്കാനാണ് സുഷിന്‍റെ നീക്കം.
തികച്ചും വ്യത്യസ്തമായ വേഷത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും താരത്തിന്‍റെ വരവ്. കോമഡിയുടെ രാജാവ് ഗോവിന്ദ അഭിനയിക്കുന്ന ചിത്രം കോമഡി രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. സിനിമാ പ്രേമികള്‍ക്ക് ഇതൊരു ചിരിവിപ്ലവം തന്നെയായിരിക്കും എന്ന് സുഷും പറയുന്നു.
‘തികച്ചും വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ എന്‍റേത്. പ്രേക്ഷകര്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ടമാകും.’ സുഷ് പറയുന്നു. റിതേഷ് ദേശ്മുഖ്, രജ്പാല്‍ യാദവ്, രണ്‍ബീര്‍ ഷൂരി, സൊഹൈല്‍ഖാന്‍ ബോളിവുഡിലെ ചിരിയുടെ തമ്പുരാക്കന്‍മാരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ആദ്യമായിട്ടാണ് സുഷിനൊപ്പം മറ്റൊരു ലോക സുന്ദരി കൂടി അഭിനയിക്കുന്നത്. സുഷിനൊപ്പം ഈ ചിത്രത്തില്‍ ലാറാ ദത്തയും ഒരു നിര്‍ണ്ണായക വേഷത്തിലുണ്ട്.
ഒരു വര്‍ഷം ഇടവേള വന്നതിനെ കുറിച്ച് സുഷിന്‍റെ മറുപടി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആയിരുന്നു എന്നതാണ്. പ്രഥമ സംവിധായക സംരംഭമായ റാണി ലക്ഷ്മി ഭായി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഗവേഷണവും സ്ക്രിപ്റ്റ് രചനയും സുഷിന്‍റെ സമയത്തിന്‍റെ ഒരു കേന്ദ്ര ഭാഗവും കൊണ്ടു പോകുകയായിരുന്നു. ലക്ഷ്മി ഭായിക്കായി ഒരു വര്‍ഷവും സ്ക്രിപ്റ്റിനായി ആറു മാസവും ചെലവഴിച്ചതായി സുഷ് തന്നെ വ്യക്തമാക്കുകയാണ്.