മലയാള സിനിമയിലെ എല്ലാ നടന്‍മാരും അഭിനയിക്കുന്നു എന്ന് വാര്‍ത്ത കൊണ്ട് തന്നെ അതിശയിപ്പിച്ച ചിത്രമാണ് ട്വന്‍റി ട്വന്‍റി. ഇതാ മോളിവുഡിലെ ഒരു സംഭവമായേക്കാവുന്ന ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സാറ്റ്ലൈറ്റ് അവകാശം വിറ്റതിലൂടെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് വിറ്റ ചിത്രവും ഇതാണ്.
മലയാളം അഭിനേതാക്കളുടെ സംഘടനയായ അമ്മയും നടന്‍ ദിലീപും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം വിറ്റു പോയത് 1.25 കോടി രൂപയ്‌ക്കായിരുന്നു. സാറ്റ്ലൈറ്റ് അവകാശം വിറ്റ കാര്യത്തില്‍ മലയാള സിനിമാരംഗത്ത് തന്നെ ഇത് സര്‍വ്വകാല റെക്കോഡാണ്. അണ്ണന്‍ തമ്പിയെയാണ് ട്വന്‍റി പിന്നിലാക്കിയത്.
മമ്മൂട്ടി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം വിറ്റത് 1.10 കോടിക്കായിരുന്നു. മലയാള താരങ്ങള്‍ എല്ലാവരും നിരക്കുന്ന ചിത്രമെന്ന പേരില്‍ തന്നെ റെക്കോഡ് ഭേദിക്കാന്‍ ചിത്രത്തിനു കഴിയുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ചിത്രം ആഗസ്റ്റില്‍ റിലീസ് ചെയ്യാമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ മുന്‍ നിര താരങ്ങളും മധുവിനെ പോലെയുള്ള മുതിര്‍ന്ന താരങ്ങളും അഭിനയിക്കുന്ന ചിത്രത്തില്‍ പ്രഥ്വിരാജ് മുതലുള്ള യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണ-സിബി കെ തോമസാണ്.