ഗോവയില്‍ വച്ച് ബലാത്സംഗത്തിന് ഇരയായി മരണമടഞ്ഞ ബ്രിട്ടീഷ് കൌമാരക്കാരി സ്കാര്‍ലെറ്റ് കീലിംഗിന്‍റെ ജീവിതം സെല്ലുലോയ്‌ഡിലേക്ക്. പ്രകാശ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി പ്രതീക്ഷിക്കുന്നത് കത്രീന കൈഫിനെയാണ്. ഡിസംബറില്‍ റിലീസ് ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.
ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചെന്നും കത്രീനയെ സ്കാര്‍ലറ്റിന്‍റെ വേഷത്തില്‍ അഭിനയിപ്പിക്കാനാണ് താല്പര്യമെന്നും പ്രകാശ് ശുക്ല പറയുന്നു. കത്രീന കൈഫുമായി സംവിധായകന്‍ സംസാരിച്ചും കഴിഞ്ഞു. ബോളിവുഡിലെ വന്‍ തോക്കുകളില്‍ ഒരാള്‍ ഹീറോ ആകുന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ ഉടന്‍ പ്രഖ്യാപിക്കും.
ജൂലായില്‍ ജോലി തുടങ്ങുന്ന ചിത്രം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാന്‍ കഴിയും എന്നാണ് സംവിധായകന്‍ കരുതുന്നത്.
എന്തു കൊണ്ടാണ് സഞ്ചാരികള്‍ക്ക് നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിക്കുന്നതെന്നും എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി. മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ഒന്നായിരിക്കും ചിത്രമെന്നും ശുക്ല പറയുന്നു.
ലഹരി യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും എങ്ങനെയാണ് അവര്‍ ജീവിതം നശിപ്പിക്കുന്നതെന്നും ഇതിലൂടെ പുതിയ തലമുറയെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്നും സംവിധായകന്‍ പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട് സ്കാര്‍ലറ്റിന്‍റെ മാതാവ് ഫിയോണാ മക്കൌണെ കാണുന്നതിനായി യു കെ യിലേക്ക് സംവിധായകന്‍ പോകുന്നുണ്ട്.