എല്ലാ ബോളിവുഡ് നായകന്മാരെയും പോലെ സുന്ദരിമാരെ രസിപ്പിക്കുന്ന, യുവാക്കളെ മാത്രം ലക്‍ഷ്യമിടുന്ന അഭിനയമാണ് ഷാരൂഖിന്‍റേതും. ഇത് ഷാരൂഖിന് പ്രതീക്ഷിക്കാവുന്ന ഒരു വിമര്‍ശനമാണ്. പക്ഷേ, ഷാരൂഖിന്‍റെ അടുത്ത സുഹൃത്ത് കരന്‍ ജോഹറിന് ഇങ്ങനെയൊരു അവസ്ഥയുണ്ടാവുന്നത് സഹിക്കില്ല.
ഷാരൂഖിന്‍റെ അഭിനയ ശേഷിയെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രത്തെ കരന്‍ ഷാരൂഖിന്‍റെ മുന്നിലേക്കിട്ടു കൊടുത്തിരിക്കുകയാണ്. കിംഗ് ഖാന്‍ പിന്നോട്ട് മാറുമോ! രണ്ടാമതൊന്ന് ആലോചിക്കാതെ ഷാരൂഖ് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഓട്ടിസം എന്ന ബുദ്ധി വൈകല്യം ബാധിച്ച ഒരു കഥാപാത്രമാണ് ഷാരൂഖിന്‍റെ അഭിനയ ശേഷിയെ വെല്ലുവിളിക്കാന്‍ എത്തുന്നത്. കരന്‍ ജോഹറിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തിലാണ് ഷാരൂഖിന് ഏറെ അഭിനയ സാധ്യതയുള്ള വേഷം ലഭിച്ചിരിക്കുന്നത്.
1988 ല്‍ പുറത്തിറങ്ങിയ ബാരി ലെവിന്‍സന്‍റെ ‘റയിന്‍ മാന്‍’ എന്ന ചിത്രം ഷാരൂഖിന് പ്രചോദനമാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ഡസ്റ്റിന്‍ ഹോഫ്മാന്‍ അവതരിപ്പിച്ച ഓട്ടിസം ബാധിച്ച കഥാപാത്രം പ്രേക്ഷക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു.
പുതിയ കഥാപാത്രമെന്ന് കേള്‍ക്കുമ്പോഴേ അതിനുള്ള തയ്യാറെടുപ്പുമായി ഉത്സാഹഭരിതനാവുന്ന കിംഗ് ഖാന് ഇത്തവണ കുറച്ച് കാത്തിരിക്കേണ്ടി വരും. ആദിത്യ ചോപ്രയുടെ ‘റബ് നേ ബനാ ദെ ജോഡി’ എന്ന സിനിമയുടെ ജോലി കഴിഞ്ഞ ശേഷം മാത്രമേ മൈ നെയിം ഈസ് ഖാന്‍ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. ആദിത്യ ചോപ്ര ചിത്രത്തില്‍ ബാംഗ്ലൂര്‍കാരി അനൂക്ഷാ ശര്‍മ്മയാണ് നായിക.
|