കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്‌രാജിന്‍റെ കഥ വീണ്ടും സിനിമയിലേക്ക്. ഇത്തവണ ബോളിവുഡ് പ്രേക്ഷകര്‍ക്ക് മുന്നിലാണ് ശോഭ്‌രാജിന്‍റെ ജീവിതം ബിഗ് സ്ക്രീനിലൂടെ എത്തുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധം കൈവശം സൂക്ഷിച്ചതിനുള്ള ശിക്ഷയില്‍ ജാമ്യം ലഭിച്ച ബോളീവുഡ് താരം സഞ്ജയ് ദത്താണ് നായകന്‍.
ചിത്രത്തില്‍ സഞ്ജു ശോഭ്‌രാജിനെ അവതരിപ്പിക്കുന്നു. ഒരു അമേരിക്കന്‍ വനിതയെ വധിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേപ്പാള്‍ ജയിലിലാണ് ഫ്രഞ്ച് പൌരനും കുപ്രസിദ്ധ കുറ്റവാളിയുമായ ചാള്‍സ് ശോഭ്‌രാജ്. പകുതി ഇന്ത്യാക്കാരനും വിയറ്റ്‌നാം കാരനുമായ ശോഭ്‌രാജിനു മേല്‍ ഏഷ്യയില്‍ ഉടനീളം 1970 കളില്‍ നടത്തിയ കൊള്ളയുടെയും കൊലപാതകത്തിന്‍റെയും ഒട്ടേറെ കേസുകള്‍ ഉണ്ട്. പ്രവാല്‍ രാമനാണ് ശോഭ്‌രാജിനെ വെള്ളിത്തിരയില്‍ ഒരുക്കുന്നത്.
“അപകടകരമായ ഉദ്ദേശങ്ങളും അപകടകരമായ മനസ്സുമുള്ള സുന്ദരനായ ശോഭ്‌രാജ് ഒരു നിഗൂഡ വ്യക്തിത്വമാണ്. സഞ്ജയ്‌ദത്താണ് ഈ കഥാപാത്രത്തിനു പറ്റിയ ആള്‍.” പ്രവാല്‍ രാമന്‍ പറയുന്നു. ‘ചാള്‍സ് ആന്‍ഡ് ഐ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദത്തിന്‍റെ മറ്റ് ചിത്രങ്ങളുടെ പണി പൂര്‍ത്തീകരിച്ച ശേഷമാണ് തുടങ്ങുക.
ബോളിവുഡിലെ ബാഡ് ബോയ് എന്നറിയപ്പെടുന്ന സഞ്ജയ് ദത്ത് 1993 ല്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയില്‍ ആയുധം സൂക്ഷിച്ചു എന്ന പേരില്‍ തടവ് ശിക്ഷ ലഭിച്ച താരമാണ്. ആറ് വര്‍ഷം തടവ് ശിക്ഷ ലഭിച്ച താരത്തിന് സുപ്രീം കോടതി നവംബറില്‍ ജാമ്യം അനുവദിച്ചിരുന്നു. 18 മാസം നീണ്ട വിചാരണയ്‌ക്ക് ശേഷം സഞ്ജയ് ജയിലില്‍ ആയപ്പോള്‍ ആറിലധികം ചിത്രങ്ങളാണ് മുടങ്ങിപ്പോയത്.
കാഠ്മണ്ഡുവില്‍ ഇരുപത് വര്‍ഷത്തെ തടവാണ് ശോഭരാജിനു ലഭിച്ചിരിക്കുന്നത്. 1975 ല്‍ കോണി ജോ ബ്രോണ്‍സി എന്ന അമേരിക്കക്കാരിയെ കുത്തിക്കൊല്ലുകയും അവരുടെ ജഡം കത്തിച്ചു കളയുകയും ചെയ്തു എന്ന പേരില്‍ ശിക്ഷിക്കപ്പെട്ട 64 കാരനായ ശോഭ്‌രാജ് തന്‍റെ ശിക്ഷ ഇളവ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ്. മലയാളത്തിലും ശോഭ്‌രാജിന്‍റെ ജീവിത്തിലൂടെ കടന്നുപോയ ഒരു സിനിമ നേരത്തേ വന്നിട്ടുണ്ട്. മോഹന്‍ലാലായിരുന്നു നായകന്‍.
|