അറബിക്കഥയ്ക്ക് ശേഷം ജയസൂര്യ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്ന “ഷേക്സ്പിയര്‍ എംഎ മലയാളം” അണിയറയില്‍ ഒരുങ്ങുന്നു.
കലാഭവന്‍ മണി ഒരു നാടക കമ്പനി ഉടമയായും ജയസൂര്യ ഒരു നാടകകൃത്തുമായാണ് അഭിനയിക്കുന്നത്. ചിരിയുടെ മാലപ്പടക്കവുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ഷൈജുവും ഷാജിയും ചേര്‍ന്നാണ്. അക്ബര്‍ ജോസ്,പ്രിയനന്ദന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഷൈജു. ഷാജി ടികെ രാജീവ് കുമാര്‍, അനില്‍ സി മേനോന്‍ എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടക കമ്പനി ഉടമയും സംവിധായകനുമായ കോട്ടയം ഗോപാലന്‍ എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്. ജയഭാരതി തിയറ്റേഴ്സ് ആണ് ഇയാളുടെ നാടക കമ്പനി. ഷേക്സ്പിയര്‍ പവിത്രന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു നാടക രചയിതാവിന്‍റെ വേഷമാണ് ജയസൂര്യയുടേത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ വിവാദ നാടകമാക്കുന്നതില്‍ പവിത്രന് പ്രത്യേകിച്ചൊരു കഴിവുണ്ട്.
റോമ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറുംമൂട്, രാജന്‍ പി ദേവ് അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും “ഷേക്സ്പിയര്‍ എംഎ മലയാളം” എന്ന ചിത്രത്തില്‍ വേഷമിടുന്നു.
കമലം ഫിലിംസിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഘുനാഥ് ആണ്.