ഒരു പക്ഷേ പൃഥ്വിരാജിന്‍റേതായി തീയറ്ററില്‍ റിലീസ് ചെയ്യപ്പെടാതിരുന്ന ഏക ചിത്രം ‘കഥ’ ആയിരിക്കും. കഥയ്‌ക്ക് ശേഷം സംവിധായകന്‍ സുന്ദര്‍ദാസിനൊപ്പം ഒരിക്കല്‍ കൂടി യുവ സൂപ്പര്‍താരം എത്തുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത് റെജി നായരാണ്. ബോളീവുഡിലെയും കോളിവുഡിലെയും താരങ്ങള്‍ നിരക്കുന്നു.
പൃഥ്വിയുടെ മറ്റു ഭാഷകളിലെയും മാര്‍ക്കറ്റ് മുതലെടുക്കുക എന്ന ഉദ്ദേശത്തില്‍ വ്യത്യസ്ത ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്. പൃഥ്വിയുടെ മറ്റ് ഭാഷകളിലെ തിരക്കുകള്‍ക്ക് ശേഷം പുതിയ ചിത്രത്തിന്‍റെ ജോലികളാരംഭിക്കും. ഇപ്പോള്‍ വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിച്ചു വരുന്നത്. പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നതില്‍ എന്നും മുന്നിലായ പൃഥ്വി ബിജു അരക്കുറ്റി എന്ന സംവിധായകനോടൊപ്പമാണ് വണ്‍വേ ടിക്കറ്റില്‍ സഹകരിക്കുന്നത്.
പൃഥ്വിയും സുന്ദര്‍ദാസും ആദ്യം ഒന്നിച്ച കഥ ഇരുവര്‍ക്കും കാര്യമായ ഗുണം ഉണ്ടാക്കിയില്ല. മാത്രമല്ല, ചാനലില്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ സിനിമ എന്ന ദു:ഖകരമായ അവസ്ഥ കൂടി ചിത്രത്തിനുണ്ടായി. ഏറെക്കുറെ മലയാളത്തില്‍ നിന്നും പിന്‍മാറി നില്‍ക്കുകയായിരുന്ന സുന്ദര്‍ദാസിനു മികച്ച ഒരു തിരിച്ചുവരവ് കൂടി നടത്തേണ്ടതുണ്ട്.
തിരക്കഥാകൃത്ത് റെജി നായര്‍ പുതിയ ത്രില്ലറിന്‍റെ പണിപ്പുരയിലാണ്. ലാല്‍ ജോസിന്‍റെ പട്ടാളം, ഇന്ദ്രജിത്ത് നായകനായ ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളുടെ കഥാകാരനാണ് റെജിനായര്‍. പൃഥ്വിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം തമിഴിലാണ്. ഉദയനാണ് താരത്തിന്‍റെ തമിഴ് പതിപ്പായ വെള്ളിത്തിരയാണ് ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച സിനിമാ സംവിധായകനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ശ്രീനിവസന്‍റെ വേഷത്തില്‍ പ്രകാശ് രാജും എത്തുന്നു.