ബോളിവുഡിന്‍റെ സൌന്ദര്യ ധാമങ്ങളെല്ലാം ഹോളിവുഡിലും പ്രശസ്തരാവുകയാണ്. ആഷിന് ഒരുപിടി അവസരങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞപ്പോള്‍ മറ്റ് സുന്ദരിമാര്‍ക്ക് മടിച്ചു നില്‍ക്കാന്‍ കഴിയുമോ? മല്ലിക ഷെരാവത്തും തൊട്ടു പിന്നാലെ ബിപാഷയും ഹോളിവുഡിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്.
റാസ മല്ലാല്‍ എന്ന സംവിധായകന്‍റെ കോമഡി ചിത്രത്തിലേക്കാണ് ബിപാഷയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. യോര്‍ക്‍ഷറില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഒരു വിദേശ ഇന്ത്യന്‍ യുവതിയെ ആയിരിക്കും ബിപാഷ അവതരിപ്പിക്കുന്നത്. ബിപാഷയും സംവിധായകനും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളുടെ തിരക്കിലാണ് ഇപ്പോള്‍.
കാമുകിയുടെ കൊതിപ്പിക്കുന്ന സൌന്ദര്യത്തില്‍ മയങ്ങിയ ജാക്ക് എന്ന കത്തോലിക്ക പുരോഹിതനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ഇന്ത്യന്‍ സുന്ദരിയുമായി (ബിപ്) വിവാഹം ആലോചിപ്പിച്ചുറപ്പിക്കാന്‍ പോവുന്ന ജാക്ക് പൌരോഹിത്യം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നു. എന്നാല്‍, അതിനു മുമ്പ് ഇന്ത്യന്‍ സംസ്കാരം, ആഹാരം, ഭാഷ ഇവയെല്ലാം ജാക്കിന് വശമാക്കേണ്ടതുണ്ട്.
പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറാണ് ബിപാഷയുടെ പിതാവായി വേഷമിടുന്നത്. റോസ് കെമ്പ്, റോബര്‍ട്ട് ഹാര്‍ഡി, അമാന്‍ഡ ഹോള്‍ഡന്‍, കേരന്‍ ഷഹനാസ് ഡേവിഡ് എന്നിവരും ‘ക്വിക്, സ്ലിപ് മി എ ബ്രൈഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ അഭിനയിക്കും.
പുരാണ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക പാരമ്പര്യം നല്‍കാനാണ് ശ്രമമെന്ന് ‘ദ അക്വേറിയന്‍ ഗോസ്പല്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ ഒരു യോഗിനിയുടെ വേഷം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന മല്ലികാ ഷെരാവത്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ബോളിവുഡിലെ മറ്റൊരു മാദക സൌന്ദര്യമായ ബിപ് ഇതുവരെയായും തന്‍റെ ഹോളിവുഡ് സംരംഭത്തെ കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.