സുന്ദരികള്‍ക്ക് ബോളിവുഡില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭാരം കുറച്ചേ മതിയാവൂ. ഇതിനായി എന്ത് കഠിന പ്രയത്നം ചെയ്യാനും അവര്‍ തയ്യാറുമാണ്. എന്നാല്‍, സല്‍മാന്‍ ഖാന് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഭാരം ഒന്നര ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമത്രേ!
സല്ലു തന്നെ കഥ എഴുതിയ ‘വീര്‍’ എന്ന ചിത്രത്തില്‍ ഒന്നരയിരട്ടി ഭാരം കൂടിയ സല്‍മാനെയാവും പ്രേക്ഷകര്‍ കാണുക. ഈ റോളില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ചോദിച്ചത് 25 കോടി രൂപയാണ്.
സിനിമയില്‍ ഒരു പോരാളിയുടെ വേഷമാണ് സല്‍മാന്‍റേത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഈ റോള്‍ കൈകാര്യം ചെയ്യാന്‍ നടന്‍മാരെ ഒരുക്കിയെടുക്കുക പ്രയാസമാണെന്ന് നിര്‍മ്മാതാവ് വിജയ് ഗലാനി പറയുന്നു. അതിനായി സല്‍മാന്‍ ചോദിച്ച തുക അധികമല്ലെന്നുമാണ് നിര്‍മ്മാതാവിന്‍റെ അഭിപ്രായം.
വന്‍തുക ലഭിക്കുമെങ്കിലും സല്‍മാന്‍ വെട്ടിലായ മട്ടിലാണ്. ഭീമന്‍ സല്‍മാനായി രൂപപകര്‍ച്ച നേടാന്‍ പ്രത്യേക പരിശീലകന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക ആഹാരക്രമീകരണങ്ങളുമായി മല്ലിടുകയാണ് സല്ലു ഇപ്പോള്‍. കഴിഞ്ഞ നാലാഴ്ച കൊണ്ട് സല്‍മാന്‍റെ നെഞ്ചളവ് നാല്‍ സെന്‍റീമീറ്റര്‍ കൂടി എന്ന് നിര്‍മ്മാതാവ് അവകാശപ്പെടുന്നു. എന്നാല്‍, ഇതൊന്നും പോര, സല്‍മാന്‍ ഇനിയും ‘വളരാനുണ്ട്’ എന്നാണത്രേ ഗലാനിയുടെ അഭിപ്രായം.
സിനിമയില്‍ നായികയായി കത്രീന കൈഫിനെ അഭിനയിപ്പിക്കണം എന്നായിരുന്നു സല്ലുവിന്‍റെ ആഗ്രഹം. എന്നാല്‍, കത്രീനയുടെ തിരക്ക് ഇതിനനുവദിക്കുന്നില്ല. പകരം സല്‍മാന്‍റെ മറ്റൊരു സുഹൃത്തായ പ്രിയങ്ക നായികാ വേഷത്തില്‍ എത്തുമെന്നാണ് സൂചന. എന്നാല്‍, മാര്‍ച്ചില്‍ മാത്രമേ നായികയെ തീരുമാനിക്കൂ എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.