മല്ലിക ഷെരാവത്ത് എന്ന് കേള്‍ക്കുമ്പോള്‍ ബോളിവുഡിലെ ഗ്ലാമര്‍ സുന്ദരിയെ ഓര്‍മ്മവരുന്ന കാലം മാറുകയാണ്. മല്ലിക ഇനി യോഗിനിയുടെ വേഷം അണിയാന്‍ പോവുന്നു.
‘ദ അക്വേറിയന്‍ ഗോസ്പല്‍’ എന്ന അമേരിക്കന്‍ ചിത്രത്തിലാണ് ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല തനിക്ക് ചെയ്യാന്‍ കഴിയുക എന്ന് മല്ലിക തെളിയിക്കുക. ഓസ്ട്രേലിയന്‍ വംശജനായ ഡ്രൂ ഹെരിയറ്റാണ് സംവിധായകന്‍.
യേശുക്രിസ്തുവിന്‍റെ 13 വയസ്സു മുതല്‍ 30 വയസ്സു വരെയുള്ള കാലത്തെ കുറിച്ച് ബൈബിള്‍ നിശബ്ദത പാലിക്കുന്നു. ഇക്കാലത്തെ കുറിച്ച് വളരെയധികം കേട്ടുകേഴ്‌വികള്‍ നില നില്‍ക്കുന്നു എങ്കിലും ഇക്കലാത്ത് ക്രിസ്തു കശ്മീര്‍ സന്ദര്‍ശിച്ചു എന്ന വാദഗതിക്കാണ് പ്രചാരം.
ബാലനായ ക്രിസ്തു ഇന്ത്യ, ടിബറ്റ്, പേര്‍ഷ്യ, ഈജിപ്ത്, ഗ്രീസ് എന്നിവിടങ്ങളിലൂടെ നടത്തുന്ന യാത്രയാണ് തന്‍റെ പുതിയ ചിത്രത്തിലൂടെ ഹെരിയറ്റ് വിശദീകരിക്കാനൊരുങ്ങുന്നത്. ഇതില്‍ ക്രിസ്തുവിന് ഇന്ത്യയില്‍ എത്താന്‍ പ്രചോദനമായ സരസ്വതി എന്ന യോഗിനിയുടെ വേഷമാണ് മല്ലികയ്ക്ക്.
മല്ലികയ്ക്ക് ഇന്ത്യന്‍ തത്വചിന്തയില്‍ ഉള്ള അറിവും ഈ വേഷത്തിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമായി എന്ന് ഹെരിയറ്റ് പറയുന്നു. ഇദ്ദേഹത്തിന്‍റെ 2006 ല്‍ പുറത്തിറങ്ങിയ ദ സീക്രട്ട് എന്ന ചിത്രം ഡിവിഡി വില്‍പ്പനയില്‍ റിക്കോഡ് സൃഷ്ടിച്ചിരുന്നു.
പുരാണ കഥാപാത്രങ്ങള്‍ക്ക് പുതിയൊരു പരിവേഷം നല്‍കാനായിരിക്കും തന്‍റെ ശ്രമം എന്ന് മല്ലിക പറയുന്നു. ഇനി പറയൂ മല്ലികയെ ‘ടൈപ്പ്’ ആയി എഴുതി തള്ളാനാവുമോ?