രാജമാണിക്യത്തിലെ ബെല്ലാരി രാജയെ മറക്കാന്‍ പറ്റുമോ? തമാശയുടെ മേമ്പൊടിയില്‍ കേരളക്കരയില്‍ ഉത്സവമായി എത്തിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം, രാജമാണിക്യം തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നു. പ്രാദേശിക ഭാഷാ പ്രയോഗത്തിലൂടെ തമാശയുടെ ആഴം കൂട്ടുന്നതില്‍ വിജയിച്ച ഈ ചിത്രം തമിഴിലും ഇതേ പാത പിന്തുടരുമെന്നാണ് സൂചന.
‘മാട്ടുക്കാര വേലന്‍’ എന്ന പേരില്‍ എംജിആര്‍ ഫിലിംസാണ് രാജമാണിക്യം തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നത്. പ്രാദേശികമായ തമിഴ് ഭാഷാ പ്രയോഗത്തിലൂടെ സിനിമയ്ക്ക് പുതിയൊരു മാനം നല്‍കാനും ശ്രമിക്കുന്നു.
നേരത്തെ, ശരത്‌കുമാറിനെ നായകനാക്കി തമിഴിലേക്ക് റീമേക്ക് ചെയ്യാനായിരുന്നു തീരുമാനം. പിന്നീട്, മൊഴിമാറ്റം മാത്രം നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
മമ്മൂട്ടി തന്നെയാണ് തമിഴ് പതിപ്പിലും രാജമാണിക്യത്തിന് ശബ്ദം നല്‍കുകയെന്ന പ്രത്യേകത കൂടിയുണ്ട്.
മമ്മൂട്ടിയുടെ ‘സിബിഐ ഡയറിക്കുറിപ്പ്’ തമിഴ് പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഷാജി കൈലാസിന്‍റെ ചിന്താമണി കൊലക്കേസ് ‘എല്ലാം അവന്‍ സെയ്യല്‍’ എന്ന പേരില്‍ റീമേക്ക് ചെയ്തതും തമിഴില്‍ വന്‍വിജയമായിരുന്നു.