ഉന്നാലെ ഉന്നാലെയുടെ വന്‍ വിജയത്തിനു ശേഷം ‘ധൂം ധൂം’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയില്‍ വച്ചായിരുന്നു ക്യാമറാമേനും തമിഴ് സംവിധായകനുമായ ജീവയുടെ ആകസ്മികമായ മരണം. ജയം രവിയും ബോളീവുഡ് നടി കൊങ്കണാ റാണത്തും ലക്‍ഷ്മി റായിയും അഭിനയിക്കുന്ന ചിത്രത്തിന്‍റേ ഏതാനും സീനുകള്‍ റഷ്യയില്‍ ചിത്രീകരിച്ചതിനു ശേഷം ദൌര്‍ഭാഗ്യകരമായ സംഭവത്തോടെ ചിത്രം നിന്നു പോയി. അപൂര്‍ണ്ണമായ ചിത്രത്തിന്‍റെ ബാക്കി ഭാഗം ചിത്രീകരിക്കുന്നതിനായി പറഞ്ഞു കേട്ട ആദ്യ പേര് ഗുരുവും ക്യാമറാമാനുമായ പി സി ശ്രീറാമിന്‍റേതായിരുന്നു.അതിനു ശേഷം പിന്നീട് ജീവയുടെ സഹസംവിധായകനായ മണികണ്ഠന്‍റെയും പേര് ചിത്രത്തിന്‍റെ പട്ടികയില്‍ എത്തി. ചിത്രത്തിന്‍റെ കാര്യത്തില്‍ പുതിയ തിരിവ് ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. ജീവയുടെ ഭാര്യ അനീസ ചിത്രം പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. പല ചിത്രങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിച്ച് പ്രണയിച്ച് വിവാഹിതരായവരാണ് അനീസയും ജീവയും. വസ്ത്രാലങ്കാര രംഗത്തു പ്രവര്‍ത്തിക്കുന്ന അനീസ ജീവയോടൊപ്പം ഏതാനും ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ച പരിചയമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം ചിത്രീകരിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്.അതുകൊണ്ട് തന്നെ സംവിധാനമോ ക്യാമറയോ അനീസയ്‌ക്ക് പുത്തരിയല്ല. ചിത്രത്തിന്‍റെ ക്യാമറാ ജോലികള്‍ ചെയ്യുന്ന പി സി ശ്രീറാം ജീവ ചിത്രീകരിച്ച അതേ പാറ്റേണില്‍ തന്നെ ബാക്കി ഭാഗവും പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജീവയുടെ സ്പര്‍ശം നിലനിര്‍ത്താന്‍ കൂടിയാണ് ഈ നീക്കം.