ലഹരി നുരയുന്ന കണ്ണുകളും തീ പടര്‍ത്തുന്ന അംഗ ചലനങ്ങളും ആയോധന കലയുടെ പാടവവും നിറഞ്ഞ ഹോളീവുഡ് ആക്‍ഷന്‍ നായികമാരുടെ നിരയിലേക്കാണ് പ്രിയങ്കാ ചോപ്രയുടെ ഉയരുന്നത്. നായകനോടൊപ്പം ആടിപ്പാടി മടുത്ത പ്രിയങ്കാ ചോപ്ര മാതാഹരി, ക്യാറ്റ് വുമണ്‍ തുടങ്ങിയ കോമിക്ക് ബുക്കുകളിലെ ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളുടെ നിരയിലേക്ക് മാറുകയാണ്.
‘ദ്രോണ’ എന്ന പുതിയ ചിത്രത്തില്‍ ബോഡി ഗാര്‍ഡിന്‍റെ വേഷത്തിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. അതും കൂറ്റന്‍ ബൈക്കുകളില്‍ നായകനെ രക്ഷിക്കാനെത്തുന്ന സൂപ്പര്‍ ഹീറോയിന്‍ വേഷം. ഇതിനായി സിഖ് ആയോധന കലയായ ഗട്‌ക അഭ്യസിച്ചിരിക്കുകയാണ് പ്രിയങ്ക. അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തില്‍ അഭിഷേകിന്‍റെ ബോഡി ഗാര്‍ഡ് വേഷം.
ഇത്തരത്തില്‍ ഒരു വേഷം പ്രിയങ്ക ചെയ്യുന്നത് ഇതാദ്യമാണ്.ഈ ചിത്രത്തിനായി പ്രത്യേകമായി ആയോധന കലയും അംഗ ചലനങ്ങളും പ്രിയങ്ക അഭ്യസിച്ചു. മുമ്പ് ഷാരൂഖ് ഖാന്‍ നായകനായ ഡോണിനു വേണ്ടി പ്രിയങ്ക അല്‍പ്പം കുംഗ്-ഫു അഭ്യസിച്ചിരുന്നു. എന്നാല്‍ ദ്രോണയില്‍ ഒരു മുഴുനീള ആക്ഷന്‍ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.
പുതിയ ചിത്രത്തിനായി ശാരീരിക ചലനത്തിലും മറ്റും മുമ്പ് പ്രയോഗിച്ചിട്ടില്ലാത്ത വിധത്തിലുള്ള വ്യത്യസ്തതയാണ് പ്രിയങ്ക പരീക്ഷിക്കുന്നത്. ധൂം 2 എന്ന ചിത്രത്തില്‍ ഐശ്വര്യാ റായിയും അനിതാ ഷെറോഫും മറ്റും അവതരിപ്പിച്ച വിധത്തിലുള്ള സ്റ്റൈലന്‍ വേഷമാണ് ദ്രോണയില്‍ ലഭിച്ചിരിക്കുന്നതെന്നു പ്രിയങ്ക തന്നെ പറയുന്നു. ചിത്രങ്ങള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം തന്നെ പരസ്യങ്ങള്‍ക്കും പ്രിയങ്ക സമയം കണ്ടെത്തുന്നുണ്ട്.