കഥയിലും ചിത്രീകരണത്തിലും വ്യത്യസ്ത ട്രീറ്റ്മെന്‍റ് പരീക്ഷിക്കുന്ന സംവിധായകനാണ് തമിഴ്‌നാട്ടുകാരനും നടന്‍ ധനുഷിന്‍റെ സഹോദരനുമായ ശെല്‍വരാഘവന്‍. ഇളമൈ തുള്ളുവതോ മുതല്‍ പുതുപ്പേട്ടൈ വരെ ഈ സംവിധയകന്‍റെ പ്രതിഭാ സ്പര്‍ശം വ്യക്തമായി. തെലുങ്കില്‍ സജീവമായിരിക്കുന്ന ഈ സംവിധായകന്‍ തമിഴിലേക്കു തിരിച്ചു വരികയാണ്.പുതുപ്പേട്ടൈയ്‌ക്കു ശേഷം അയിരത്തില്‍ ഒരുവന്‍ എന്ന ചിത്രവുമായിട്ടാണ് ശെല്‍വ രാഘവന്‍റെ മടങ്ങിവരവ്. ‘മാലൈ നേരത്തു മയക്കം’ എന്ന പേരില്‍ ആദ്യം അനൌണ്‍സ് ചെയ്‌ത ചിത്രത്തില്‍ തമിഴ്‌നടന്‍ സൂര്യയുടെ സഹോദരനും സൂപ്പര്‍ഹിറ്റായ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ നായകനുമായ കാര്‍ത്തിയും കാതല്‍ സന്ധ്യയേയുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ പേരു മാറിയതു പോലെ തന്നെ നായികയും ഇപ്പോള്‍ മാറിയിരിക്കുകയാണ്. സന്ധ്യയെ പുറത്താക്കി റീമാ സെന്നാണ് ഇപ്പോള്‍ ഈ വേഷം ചെയ്യുന്നത്. കാര്‍ത്തിക്കൊപ്പം മുന്‍കാല ചിത്രങ്ങളിലെ എല്ലാം തന്നെ നായകനായ ധനുഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹകനെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്.ഇപ്പോള്‍ തെലുങ്കു സിനിമയില്‍ സജീവമായിരിക്കുന്ന ശെല്‍വരാഘവന്‍ തമിഴ് നടി ത്രിഷയേയും സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷിനെയും നായികാ നായകന്‍മാരാക്കി ‘ആദാവാരി’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ്. ഈ ചിത്രം കഴിയുന്നതോടെ തമിഴ്‌ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് തിരിയാനാണ് തീരുമാനം.