“ടിപ്പുവിന്റെ തിരോധാനത്തോടെ കളരിയഭ്യാസികള്‍ക്കും യോദ്ധാക്കള്‍ക്കും സ്വൈര്യമായി കഴിഞ്ഞുകൂടാന്‍ സാധിക്കാതെയായി. നാടുവാഴികളും ഇംഗ്ലീഷ് മേധാവികളും കളരിയഭ്യാസികളായ മാപ്പിളമാരെ തേടിപ്പിടിച്ചുകൊണ്ടിരുന്നു. ടിപ്പുവിനെ സഹായിച്ചു എന്ന ഒറ്റക്കാരണത്താല്‍ പകപോക്കാന്‍ ഇംഗ്ലീഷുകാര്‍ ഒരുങ്ങി. ഗത്യന്തരമില്ലാതെ, മാപ്പിളമാര്‍ എതിരിടാന്‍ തന്നെ തീരുമാനിച്ചു. അടിമകളായി ജീവിക്കുവാന്‍ ആശയില്ലാത്ത മാപ്പിളയോദ്ധാക്കള്‍, അക്കാലത്തെ ഏറ്റവും വലിയ കളരിഗുരുക്കളായ എളംപുലാശ്ശേരി ഉണ്ണിമൂസയുടെ കീഴില്‍ അണിനിരന്നു. 1791 മുതല്‍ ആരംഭിച്ച ഈ സമരത്തില്‍ ഇംഗ്ലീഷുകാര്‍ പരാജിതരായെന്ന് ഇംഗ്ലീഷ് ചരിത്രകാരന്‍മാര്‍ പോലും സമ്മതിക്കുന്നു” എന്നാണ് ‘ചരിത്രവും സംസ്കാരവും’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ പിഎ സെയ്തുമുഹമ്മദ് എഴുതിയിരിക്കുന്നത്.
ഒളിഞ്ഞിരുന്ന് ആക്രമിച്ച് ശത്രുവിനെ തറപറ്റിക്കുക എന്ന യുദ്ധതന്ത്രത്തിന്റെ ഉപജ്ഞാതാവായി പഴശ്ശിരാജയെയാണ് എംടിയും ഹരിഹരനും സിനിമയില്‍ വിശേഷിപ്പിക്കുന്നത്. ഉണ്ണിമൂസയടക്കം പലരും അനുവര്‍ത്തിച്ചിരുന്ന ഒളിയുദ്ധത്തിന്റെ പിതാവായി പഴശ്ശിരാജയെ ചിത്രീകരിക്കാന്‍ എംടിക്ക് എന്തിനിത്ര വ്യഗ്രത? ഉണ്ണിമൂസയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ബ്രട്ടീഷുകാര്‍ 5000 ക. ഇനാം പ്രഖ്യാപിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. പഴശ്ശിക്കൊപ്പമോ അല്ലെങ്കില്‍ അതിനും മുകളിലോ നില്‍ക്കേണ്ട ഉണ്ണിമൂസയെ എംടി എന്തിന് അവഗണിച്ചു?
ബ്രിട്ടീഷുകാര്‍ പിടിക്കും എന്ന് ഉറപ്പായപ്പോള്‍ കയ്യില്‍ കിടന്ന വജ്രമോതിരം വിഴുങ്ങി പഴശ്ശിരാജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. എന്നാല്‍ പഴശ്ശിയെ ധീരോദാത്തനായകനാക്കാനായി ഏറ്റുമുട്ടലില്‍ കൊല്ലുകയാണ് എംടി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ചരിത്രം പറയുന്ന എടച്ചെന കുങ്കന്‍ ആത്മഹത്യ ചെയ്തതായും സിനിമയില്‍ കാണിച്ചിരിക്കുന്നു. ചരിത്രബോധമില്ലായ്മ തന്നെയാണ് ഈ ഗൌരവതരമായ വീഴ്ചയ്ക്ക് കാരണം.
ചരിത്രം ഏതാണ്ട് ഇങ്ങനെയാണ്. ടിപ്പുവിന്റെ തോല്‍വിക്കുശേഷം വാക്കു പ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങള്‍ തനിക്കു നല്‍കാതെ, തന്റെ അമ്മാവനു കൊടുത്തുവെന്ന കാരണത്താല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജ തിരിയുന്നു. ഉണ്ണിമൂസ മൂപ്പന്‍ പഴശ്ശിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആര്‍തര്‍ വെല്ലസ്ലിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം വയനാട്ടിലേക്ക് വന്നെങ്കിലും തലക്കല്‍ ചന്തുവും എടച്ചേരി കുങ്കനും നയിച്ച പോരാട്ടത്തില്‍ പനമരം കോട്ട പഴശ്ശിരാജ പിടിച്ചെടുത്തു.
തലശ്ശേരി സബ് കലക്ടറായിരുന്ന തോമസ് ഹാര്‍വി ബാബര്‍, പഴശ്ശിക്ക് ആയുധം നല്‍കിയിരുന്ന മാപ്പിളമാരെ വേട്ടയാടാന്‍ തുടങ്ങിയതോടെ പഴശ്ശിയും അനുയായികളും കാട്ടിലൊളിച്ചു. തുടര്‍ന്ന് തലക്കല്‍ ചന്തുവിനെ പിടികൂടി കഴുത്തറുത്തുകൊന്നു. പഴശ്ശിയുടെ സങ്കേതം തോമസ് ഹാര്‍വി ബാബര്‍ വളഞ്ഞു. കണാരന്‍ മേനോന്‍ എന്ന ബ്രിട്ടീഷ് ചാരനാണ് പഴശ്ശിയെ ഒറ്റുകൊടുത്തത്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ മാവിലത്തോട് അരുവിയുടെ തീരത്ത് വജ്രമോതിരം വിഴുങ്ങി പഴശ്ശിരാജ ജീവനൊടുക്കി. ബ്രിട്ടീഷ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ എടച്ചെന കുങ്കന്‍ കൊല്ലപ്പെടുകയും ചെയ്തു.
‘വയനാടിനെ എല്ലാവരും ചൂഷണം ചെയ്യുകയായിരുന്നു’ എന്നാണ് സിനിമയിലെ പഴശ്ശിരാജ പറയുന്നത്. ടിപ്പുസുല്‍ത്താനോ ബ്രിട്ടീഷുകാരോ സ്വന്തം അമ്മാവനോ വയനാട് ഭരിച്ചാല്‍ അത് ചൂഷണവും താന്‍ ഭരിച്ചാല്‍ അത് വികസനവും! ഇതെന്ത് ന്യായമാണ്? ടിപ്പുവിനെതിരെ ബ്രിട്ടീഷ് സഹായം ആവോളം അനുഭവിച്ച പഴശ്ശിക്ക് പിന്നെ ബ്രിട്ടീഷുകാരെയും വേണ്ടാതായി. ഇതായിരുന്നു ചരിത്രസത്യം. ഈ ചരിത്രസത്യമാണ് സിനിമയില്‍ വളച്ചൊടിക്കപ്പെടുന്നതും നാട്ടുമാടമ്പി ആയിരുന്ന പഴശ്ശിരാജ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യ പോരാളികളില്‍ ഒരാളായി മാറുന്നതും!