പഴശ്ശിരാജ വീരനായകനോ സ്വാര്‍ത്ഥമോഹിയോ?

ബഷീര്‍, അത്തോളി

WEBDUNIA|
PRO
പഴശ്ശിരാജയെ വീരനായകനാക്കി ചിത്രീകരിച്ച എംടി - ഹരിഹരന്‍ ടീമിന്റെ ‘കേരളവര്‍മ പഴശ്ശിരാജ’ എന്ന ബ്രഹ്മാണ്ഡസിനിമ കേരളക്കരയിലെങ്ങും ചരിത്രം സൃഷ്ടിക്കുകയാണ്. വൈദേശികാധിപത്യത്തിനെതിരെ പടവാളുയര്‍ത്തിയ ആദ്യത്തെ സ്വാതന്ത്ര്യസമരക്കാരില്‍ ഒരാളായാണ് എംടിയും ഹരിഹരനും പഴശ്ശിരാജയെ ചിത്രീകരിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് എന്ന തത്വം പഴശ്ശിരാജയുടെ ചരിത്രകഥയിലും അന്വര്‍ത്ഥമെത്രെ. കാരണം, സിനിമയിലെ പഴശ്ശിയും യഥാര്‍ത്ഥ പഴശ്ശിയും തീര്‍ത്തും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്.

പഴശ്ശിരാജയെ പറ്റിയും അന്നത്തെ രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക ചുറ്റുപാടുകളെ പറ്റിയും പഠനം നടത്തിയിട്ടുള്ള ചരിത്രകാരന്മാരില്‍ പലരും പഴശ്ശിയെ വീരനായകനാക്കാന്‍ സമ്മതിക്കുന്നില്ല. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി, മറ്റുള്ളവരെ കുരുതിനല്‍കിക്കൊണ്ട്, ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ഒരു നാട്ടുമാടമ്പിയായിട്ടാണ് പല ചരിത്രകാരന്മാരും പഴശ്ശിയെ കണക്കാക്കുന്നത്. അങ്ങനെയുള്ള പഴശ്ശിയെവിടെ, സിനിമയിലെ ധീരനായകനായ പഴശ്ശിയെവിടെ?

“ടിപ്പുവിനെ തോല്‍പ്പിക്കുന്നതിന്‌ ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയില്‍ അധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശിരാജ. ടിപ്പുവിന്റെ തോല്‍വിക്കുശേഷം വാക്കു പ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങള്‍ തനിക്കു നല്‍കാതെ, തന്റെ അമ്മാവനു കൊടുത്തുവെന്ന കേസിനാണ്‌ പഴശ്ശിത്തമ്പുരാന്‍ ദേശീയവിപ്ലവം നടത്തുന്നത്‌. ഇംഗ്ലീഷുകാരെ ആദ്യാന്തം എതിര്‍ത്ത ടിപ്പുവിന്റെ ചരിത്രത്തില്‍ പഴശ്ശി എങ്ങനെ വരും?” എന്നാണ് ‘ടിപ്പുസുല്‍ത്താന്‍’ എന്ന പുസ്തകത്തില്‍ പ്രമുഖ ചരിത്രകാരനായ പികെ ബാലകൃഷ്ണന്‍ ചോദിക്കുന്നത്.

പഴശ്ശിരാജയെ പറ്റി പറയുമ്പോള്‍ ടിപ്പുസുല്‍‌ത്താനെ പറ്റിയും പറയേണ്ടിവരും. പഴശ്ശിത്തമ്പുരാന്റെ ചരിത്രമാരംഭിക്കുന്നത്‌ ടിപ്പുസുല്‍ത്താനില്‍ നിന്നാണ്‌. ടിപ്പുസുല്‍ത്താനെ മലബാറില്‍ നിന്നു തുരത്തിയാല്‍ രാജ്യം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പഴശ്ശിരാജാവ്‌ ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നുവെന്ന് ചരിത്രം. ബ്രിട്ടീഷുകാരില്‍ നിന്നുള്ള മാലിഖാന്‍ പദവിയും സാമന്ത പദവിയുമായിരുന്നു കേരളസിംഹമെന്ന് ചരിത്രപുസ്തകങ്ങളില്‍ ഇരട്ടപ്പേരുള്ള പഴശ്ശിരാജാവിന്റെ മോഹം. ആ പഴശ്ശിരാജയെയാണ് ഇപ്പോള്‍ എല്ലാവരും കൂടി സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കുന്നത്.

എന്നാല്‍ എംടിയും ഹരിഹരനും ചേര്‍ന്ന് പഴശ്ശിരാജയുടെ സ്വാര്‍ത്ഥതയ്ക്ക് വെള്ളപൂശിയിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ പഴശ്ശി നടത്തിയ എണ്ണിയാലൊടുങ്ങാത്ത കുരുതികളെ സ്വാതന്ത്ര്യസമരമായും എന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനായി ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ച ഒരു രാജാവ് എങ്ങനെയാണ് സ്വാതന്ത്ര്യത്തിന്റെ ദേശീയപ്രതീകമാകുന്നത്?

ബ്രിട്ടീഷുകാരുടെ കാല്‍നക്കികളായ നാടുവാഴികളെയും ഇംഗ്ലീഷ്‌ മേധാവികളെയും നഖശിഖാന്തം എതിര്‍ത്ത്, പഴശ്ശിരാജാവിനൊപ്പം പടനയിച്ച ഉണ്ണിമൂസ എന്നൊരു ചരിത്രകഥാപാത്രം ഉണ്ടായിരുന്നു. ഈ കഥാപാത്രത്തെ പഴശ്ശിരാജയില്‍ വേണ്ടും‌വണ്ണം അവതരിപ്പിച്ചിട്ടില്ല. എം‌ടിയുടെ കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്തത്ര ചെറിയ വ്യക്ത്വിത്വമായിരുന്നോ ഉണ്ണിമൂസയെന്ന മാപ്പിള യോദ്ധാവിന്റേത്?

അടുത്ത പേജില്‍ - ഒളിയുദ്ധത്തിന്റെ ഉപജ്ഞാതാവ് പഴശ്ശിരാജയായിരുന്നില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :